ബ്രെക്‌സിറ്റിന് ട്രംപിന്റെ പൂര്‍ണപിന്തുണ.നാറ്റോ സഖ്യത്തിലുറച്ചു നില്‍ക്കുമെന്നും ട്രംപ്

വാഷിങ്ടണ്‍: ബ്രെക്‌സിറ്റിന് പൂര്‍ണപിന്തുണനല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടനുമായി സവിശേഷ സൗഹൃദമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യവുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. നേരത്തെ, നാറ്റോയ്‌ക്കെതിരായ നിലപാട് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ ട്രംപ് അത് തിരുത്തുകയായിരുന്നു.

സഖ്യത്തിന് ട്രംപിന്റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചെപ്പെടുത്തുമെന്നും പുതിയ കരാറുകളില്‍ ഒപ്പിടുമെന്നും ഇരു ഭരണാധികാരികളും അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ ക്ഷണം ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചു.

ബ്രിട്ടനുമായി കൂടുതല്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള യുകെ യുടെ നടപടികള്‍ പൂര്‍ത്തിയായല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകളില്‍ തെരേസ മേയുടെ പേര് അക്ഷരങ്ങള്‍ തെറ്റി പ്രസിദ്ധീകരിച്ചത് വിവാദമായി. തെറ്റായി അച്ചടിച്ച പേരിന് ഒരു നീലച്ചിത്ര നടിയുമായി സാമ്യം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അക്ഷരത്തെറ്റ് വൈറലായി. സംഭവം വിവാദമായതോടെ പേര് കൃത്യമായി അച്ചടിച്ച പുതിയ നോട്ടീസ് ഇറക്കി തടിതപ്പുകയായിരുന്നു വൈറ്റ് ഹൗസ്.

Latest