സ്വദേശികള്‍ക്ക് കൂട്ടത്തോടെ താമസിക്കാം: പുതിയ ഭവന പദ്ധതിയുമായി ദുബൈ ഭരണാധികാരി

യുഎഇയില്‍ സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി കൂടുതല്‍ പരിഗണന നല്‍കും എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സ്വദേശി ക്ഷേമത്തിനായുളള ദേശീയ നയം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികള്‍ക്ക് വിവിധ പ്രദേശങ്ങളില്‍ ഒന്നിച്ച് താമസിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്തിന്റെ സമസ്ത മേഖലകളിലും സുസ്ഥിര വികസനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അദ്ദേഹം സ്വദേശി താമസ കേന്ദ്രങ്ങള്‍ക്കുള്ള നയങ്ങളും നിയന്ത്രണങ്ങളും പുതുക്കുകയും ചെയ്തു. വിഷന്‍ 2021ന്റെ ഭാഗമായി പുതിയ ജീവിത സംസ്‌കാരമാണ് ഇനി കൊണ്ടുവരിക. യുഎഇയുടെ ശതാബ്ദി വര്‍ഷമായ 2071 മുന്നില്‍കണ്ടുള്ള നയങ്ങളാണ് ഇക്കാര്യത്തില്‍ ആവിഷ്‌കരിക്കുന്നത്. സ്വദേശികള്‍ ഒറ്റപ്പെട്ട് വിവിധയിടങ്ങളില്‍ താമസിക്കുന്നതിന് പകരം കൂട്ടത്തോടെ ഒരു സമൂഹമായി താമസിക്കുന്നതിലാണ് താല്‍പര്യം. ഇതുമൂലം ആരോഗ്യകരമായ ജീവിത ശൈലി എല്ലാവര്‍ക്കും ഉറപ്പുവരുത്താനാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദേശീയ ഹാപ്പിനസ്, ഷെയ്ഖ് സായിദ് ഭവന പദ്ധതികളുടെ സഹകരണത്തോടെ ഇത് ഉടന്‍ നടപ്പാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top