വന്‍ ഇളവുകളോടെ യുഎഇയില്‍ പൊതുമാപ്പിന് തുടക്കം; മലയാളികള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സുവര്‍ണാവസരം…  

അബൂദബി: നിയമവിരുദ്ധ താമസക്കാര്‍ക്ക് നിയമവിധേയരായി രാജ്യത്ത് തുടരുവാനോ ശിക്ഷയോ പിഴയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇയില്‍ പൊതുമാപ്പിന് ഇന്ന് തുടക്കമാവും. മൂന്നു മാസത്തേക്കാണ് യുഎഇ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിതെന്നും ഈ അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരും തയ്യാറാവണമെന്നും റെസിഡന്‍സി അഫയേഴ്‌സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍ റാഷിദി അറിയിച്ചു. അബൂദബിയില്‍ പൊതുമാപ്പിനെത്തുന്നവര്‍ക്കായി ഒരുക്കിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമാപ്പ് അപേക്ഷകര്‍ക്കായി ഒന്‍പത് കേന്ദ്രങ്ങളാണ് യുഎഇയില്‍ ഒരുക്കിയിരിക്കുന്നത്.

അബൂദബിയിലെ ഷഹാമ, അല്‍ ഗര്‍ബിയ, അല്‍ഐന്‍, ദുബയിലെ അല്‍ അവീര്‍ എമിഗ്രേഷന്‍, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിഗ്രേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ടെന്റുകളും കൗണ്ടറുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പൊതുമാപ്പ് സേവനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭിക്കുക. ഒട്ടേറ ആനുകൂല്യങ്ങളുമായി പ്രഖ്യാപിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31 വരെ തുടരും. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് രേഖകള്‍ ശരിയാക്ക് രാജ്യത്ത് നിയമവിധേയരായി തുടരാനോ ശിക്ഷയോ പിഴയോ ഇല്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് കാലത്ത് അനുവാദമുണ്ടായിരിക്കും.

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കാനും പൊതുമാപ്പിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു സൗകര്യം പൊതുമാപ്പ് അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. രാജ്യത്തേക്ക് രേഖകളൊന്നുമില്ലാതെ നുഴഞ്ഞുകയറിയവര്‍ക്കും തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. കൈയ സിലുള്ള രാഖകള്‍ സഹിതം പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തിയാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

Latest