മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റിനായുള്ള നടപടി-പ്രധാനമന്ത്രി തെരേസ മെയ്

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുമെന്ന് പ്രധാനമന്ത്രി തെരേസ മെയ്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റിനായുള്ള നടപടി തുടങ്ങുമെന്നും അന്തിമ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുമെന്നും മെയ് പറഞ്ഞു. ലണ്ടനിലെ ലാന്‍സസ്റ്റര്‍ ഹൗസില്‍ നടന്ന ബ്രെക്‌സിറ്റ് പ്രഭാഷണത്തിനിടെയാണ് മെയ് നിലപാട് വ്യക്തമാക്കിയത്.

ബ്രെക്‌സിറ്റിനായുള്ള 12 ഇന അജണ്ടകളും തെരേസ മെയ് മുന്നോട്ടുവെച്ചു. വിടുതലിനുശേഷവും യൂറോപ്യന്‍ യൂണിയനുമായി ബന്ധം തുടരും. എന്നാല്‍, പൂര്‍വ്വ സ്ഥിതിയിലായിരിക്കില്ല അത്. മറ്റ് അംഗരാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അയര്‍ലന്‍ഡുമായി മാത്രം പൊതുസഞ്ചാര മേഖല സൃഷ്ടിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

യൂറോപ്യന്‍ യൂണിയനുമായി ഇന്റലിജന്‍സ്, പൊലീസ് ഇന്‍ഫോര്‍മേഷന്‍ സംവിധാനങ്ങളിലെ സഹകരണം തുടരുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ഏകീകൃത മാര്‍ക്കറ്റ്. എന്നാല്‍ ഇരുവിഭാഗവും തമ്മിലുള്ള സുഗമമായ വ്യാപാര സാധ്യതകള്‍ ഉറപ്പുവരുത്തുന്ന പുതിയ ഉടമ്പടിയാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇതുവഴി മറ്റു യൂറോപ്യന്‍ മാര്‍ക്കറ്റുകളുമായുള്ള വ്യാപാരത്തിന് ബ്രിട്ടീഷ് കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. എന്നാല്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതോടെ യൂറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനത്തിനായി നല്‍കിവന്നിരുന്ന വന്‍തുകയുടെ സംഭാവനകള്‍ എല്ലാം നിര്‍ത്തലാക്കും.

യൂറോപ്യന്‍ യൂനിയനുമായി ഭാഗിക കരാറുകള്‍ക്കില്ല. മറ്റു രാജ്യങ്ങള്‍ പിന്തുടരുന്ന മാതൃകകള്‍ പിന്‍പറ്റാനും തയാറല്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതിനനുസരിച്ച് ഏറ്റവും ഉചിതമായ ഒരു വ്യവസ്ഥയിലത്തെുകയാണ് തന്റെ ചുമതലയെന്നും മെയ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നതിനര്‍ത്ഥം യൂറോപ്പ് വിടുക എന്നല്ലെന്നും യൂറോപ്പിലെ നിര്‍ണ്ണായക ശക്തിയായി ബ്രിട്ടന്‍ തുടരുമെന്നും മെയ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായി തുല്യതാ രീതിയിലുള്ള പങ്കാളിത്തം തുടരും. ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എന്നാല്‍, ബ്രെക്‌സിറ്റ് നടപ്പാവുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഭാഗിക യൂറോപ്യന്‍ യൂണിയന്‍ അംഗത്വവും മെയ് തള്ളിക്കളഞ്ഞു.കഴിഞ്ഞ ജൂണിലാണ് ബ്രെക്‌സിറ്റിനായുള്ള ഹിതപരിശോധന നടന്നത്. ബ്രെക്‌സിറ്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി ഈ മാസം അവസാനം പരിഗണിക്കാനിരിക്കുകയാണ്.

സ്വതന്ത്ര വ്യാപാര ഉടമ്പടിയിലൂടെ കൂടുതല്‍ ശക്തവും സമഗ്രവുമായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാനാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് മെയ് പറഞ്ഞു. ബ്രിട്ടനും ഇയുവുമായുള്ള വേര്‍പിരിയല്‍ ഉടമ്പടി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുമെന്നും അവര്‍ ഇതാദ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയില്ല. ജൂണ്‍ 23ലെ ബ്രെക്‌സിറ്റ് ജനവിധിക്കുശേഷം ഇതാദ്യമായാണ് മെയ് ഇക്കാര്യത്തില്‍ നേരിട്ടുള്ള പ്രസംഗം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു മുന്നോടിയായി പൌണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.

Latest