ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കര്‍ശന വ്യവസ്ഥകള്‍ ചുമത്തിയതോടെ ഇറാന് പ്രതിരോധം തീര്‍ത്ത് റഷ്യയും രംഗത്തെത്തി. ഇറാനെ എണ്ണ വ്യാപാരത്തില്‍ സഹായിക്കുമെന്നും ഉപരോധം നിയമവിരുദ്ധമാണെന്നും റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യുഎസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇറാന്‍ ആണവ സമ്പുഷ്ഠീകരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു 2015ലെ ആണവ കരാറിലെ പ്രാധാന വ്യവസ്ഥ.

എന്നാല്‍ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മേയില്‍ യുഎസ് കരാറില്‍ നിന്ന് പിന്‍വാങ്ങി. പിന്നാലെയാണ് ഉപരോധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനെതിരെയുള്ള ഉപരോധം തുടര്‍ന്നാലും ഇന്ത്യയുള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇറാന് പിന്തുണയുമായി റഷ്യ രംഗത്തെത്തി. ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരാനും 2014ല്‍ റഷ്യയും ഇറാനും തമ്മില്‍ ഒപ്പുവച്ച ചരക്കുകരാറനുസരിച്ച് മുന്നോട്ടുപോകാനുമാണ് തീരുമാനമെന്ന് റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് പറഞ്ഞു. ഉപരോധം മറികടന്ന് വ്യാപാരം തുടരാനുള്ള ശ്രമം യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നുണ്ട്. ഇറാന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയില്‍ ആണവകരാറിന്റെ ഭാഗമായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിര്‍പ്പുണ്ട്.

Top