വിജയമുദ്ര പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ. കഠിനാദ്ധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയിൽ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പഌ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ഖത്തറിൽ പ്രകാശനം ചെയ്തു. ഗൾഫ് മേഖലയിലെ വിശിഷ്യ ഖത്തറിലെ കേരളീയ സംരംഭകരുടെ വിജയഗാഥ രേഖപ്പെടുത്തുന്ന വിജയമുദ്ര ശ്ലാഘനീയമായ ഒരു ഉദ്യമമാണെന്ന് പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കവേ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നും പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തർ മാർക്കറ്റിൽ അവതരിപ്പിച്ച മീഡിയ പ്‌ളസ് ടീമിന്റെ പുതിയ പദ്ധതിയായ വിജയ മുദ്ര സംരംഭകർക്കും പൊതുജനങ്ങൾക്കും കൗതുകകരമാകുമെന്ന് മീഡിയ പഌ് സി.ഇ.ഒ.യും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര അറിയിച്ചു. ഖത്തർ മലയാളി മാന്വൽ എന്ന പ്രസിദ്ധീകരണവേളയിൽ ലഭിച്ച പ്രതികരണങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി ഞങ്ങൾ മുന്നോട്ടു വന്നത്. ബഹുവർണ പുസ്തക രൂപത്തിലും ഇലക്ട്രോണിക് മീഡിയയിലൂടേയും വിവരങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയും സാങ്കേതിക സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലോക മലയാളി സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ കാലദേശാതിർത്തികൾ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശിൽപികൾ കണക്കുകൂട്ടുന്നത്. ഒരു പതിറ്റാണ്ടോളമായി ഖത്തർ മാർക്കറ്റിൽ സജീവമായ മീഡിയ പഌിന്റെ ഉപഭോക്താക്കൾക്കുള്ള സമ്മാനമാണിതെന്ന് മാനേജിംഗ് ഡയറക്ടർ ശുക്കൂർ കിനാലൂർ പറഞ്ഞു.

ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നിൽ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്നതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെടേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകം. ഒരു പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്‌മെന്റ് വിദ്യാർഥികൾക്കും ഗവേഷകർക്കും വരെ കൗതുകം നൽകുന്നതാണ്. പുതുമകൾ എന്നും സ്വാഗതം ചെയ്ത ഖത്തറിലെ മലയാളി സമൂഹം ഈ സംരംഭത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രവാസി സംരഭകരെക്കുറിച്ച് ഗവേഷണ പഠനത്തിനും അന്വേഷണങ്ങൾക്കും ഇത് ഒരു വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നത്.
മീഡിയ പഌ് ചെയർമാൻ അലി അബ്ദുല്ല അൽ കഅബി, മാനേജിംഗ് ഡയറക്ടർ ശുക്കൂർ കിനാലൂർ, പ്രൊജക്റ്റ് മാനേജർ സി.കെ റാഹേൽ സംസാരിച്ചു. ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ മങ്കട, അഫ്‌സൽ കിളയിൽ, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ജുഡാലൈൻ ഫ്‌ളോറ ഫെർണാണ്ടസ്, കാജാ ഹുസ്സൻ എന്നിവർ നേതൃത്വം നൽകി.

വിജയ മുദ്രയുടെ സൗജന്യ കോപ്പികൾക്ക് 44324853, 70467553 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ പ്രമുഖ ലൈബ്രറികൾ, നോർക്കയുടെ വിവിധ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികൾ വിതരണം ചെയ്യും. വിജയമുദ്രയുടെ കേരളത്തിലെ പ്രകാശനം ജനുവരി 30ന് കോഴിക്കോട് വെച്ച് നടക്കും.

Top