സന്ദർശക വിസയിലെത്തുന്നവർക്ക്ു അയർലൻഡ് കടക്കാൻ കടമ്പകളേറെ; ചട്ടങ്ങളിൽ മാറ്റം വരുത്തിയതായി അധികൃതർ

സ്വന്തം ലേഖകൻ

ഡബ്ലിൻ:സന്ദർശക വിസയിൽ ഇന്ത്യയിൽ നിന്നും അയർലണ്ടിലെത്തുന്നവർക്കായി മുമ്പ് അനുവർത്തിച്ചിരുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തിയതായി വെളിപ്പെടുത്തൽ.വിസിറ്റിംഗ് വിസ അനുവദിച്ചവർക്ക് അനുവദിച്ചിരിക്കുന്ന മൂന്നു മാസക്കാലാവധി സന്ദർശകൻ അയർലണ്ടിൽ എത്തിയ ദിവസം മുതൽ കണക്കാക്കുന്ന രീതി മാറ്റി ഇന്ത്യയിൽ വിസ അടിയ്ക്കുന്ന ദിവസം മുതൽ 90 ദിവസം എന്നാക്കി മാറ്റിയതായാണ് പുതിയ വിവരം.
ഔദ്യോഗികമായി ഇത്തരം അറിയിപ്പുകൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഫെബ്രുവരി മാസം അയർലണ്ടിൽ എത്തിയ സന്ദർശകവിസയിലുള്ള നിരവധി പേർക്ക് ഡൽഹിയിൽ വിസയടിച്ച തിയതി മുതൽ ആകെയുള്ള 90 ദിവസങ്ങളിൽ ബാക്കിയുള്ള ദിവസങ്ങൾ മാത്രമാണ് അയർലണ്ടിൽ തുടരാനുള്ള അവസരമായി ഇമിഗ്രേഷൻ അധികൃതർ നല്കുന്നതത്രേ.
.മാത്രമല്ല വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് ഡബ്ലിൻ എയർ പോർട്ടിൽ കർശന പരിശോധനകൾ നേരിടേണ്ടി വരുന്നതായും പറയപ്പെടുന്നു,അവധിക്ക് വിസിറ്റിംഗ് വിസയിൽ എത്തുന്നതിൽ കൂടുതലും അറുപത് വയസു കഴിഞ്ഞ മാതാപിതാക്കളാണ്.ഇവരിൽ കൂടുതലും ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരും. ഉത്തരവാദപ്പെടുത്തിയ സഹയാത്രികർ കൂടെയില്ലാത്ത പ്രായമായവർക്ക് അധികൃതരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായില്ലെങ്കിൽ ഭയാനകമായ അന്തരീക്ഷമാണ് ഡബ്ലിനിൽ എയർപോർട്ടിൽ നേരിടേണ്ടിവരുന്നത് എന്നാണ് ഒട്ടേറെ മാതാപിതാക്കൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും ഡബ്ലിനിൽ ഒറ്റയ്ക്ക് എത്തിയ ഒരാൾക്ക് ഇത്തരത്തിലുള്ള പരിശോധനയിൽ എൺപതോളം ദിവസങ്ങൾ ബാക്കി നിൽക്കവേ ഒരു മാസം മാത്രം വിസ അടിച്ചു നൽകിയ സംഭവവും ഉണ്ടായി.മൂന്നു മാസം അയർലണ്ടിൽ കഴിയാൻ മാത്രമുള്ള ചിലവ് പണം കണക്കിൽ കാണിച്ചിട്ടില്ലെന്ന കാരണമാണ് ഐറിഷ് പൌരത്വം നേടിയ ദമ്പതികളുടെ അമ്മയോട് ഇതിനു കാരണമായി പറഞ്ഞത്.കൌണ്ടറിൽ തൊട്ടു പുറകെ ഉണ്ടായിരുന്ന ഒരു മലയാളി യാത്രക്കാരൻ ദമ്പതികളുടെ അമ്മയുടെ സഹായത്തിന് മുന്നോട്ടു വന്നെങ്കിലും കൂടെ യാത്ര ചെയ്തയാളല്ല എന്ന കാരണത്താൽ അയാളെയും സംസാരിക്കാൻ അധികൃതർ അനുവദിച്ചില്ല. മറ്റൊരു വൃദ്ധനായ യാത്രികൻ പേരക്കുട്ടിയുടെ ജന്മദിനാഘോഷവുമായി ബന്ധപെട്ടാണ് വന്നത് എന്ന് ഇമിഗ്രേഷൻ അധികൃതരുടെ ചോദ്യം ചെയ്യലിന് വിധേയമായി വെളിപ്പെടുത്തിയപ്പോൾ ബർത്ത് ഡേ ദിവസം കണക്കാക്കി അത് വരെ മാത്രം വിസ അടിച്ചു നല്കിയ സംഭവവും ഉണ്ടായി.പുറത്തു കാത്തു നിൽക്കുന്ന മക്കളെ വിളിച്ചു കാര്യങ്ങൾ വിശദീ കരിക്കാൻ അനുവദിക്കണം എന്ന ഇദ്ദേഹത്തിന്റെ യാചനയും അധികൃതർ ചെവിക്കൊണ്ടില്ലത്രെ. കൂടുതൽ പേർ പൗരത്വം സ്വീകരിച്ച സാഹചര്യത്തിൽ നാട്ടിൽ നിന്നും അയർലണ്ടിൽ എത്തുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഉണ്ടാവുന്നത്.കൂടുതലും ഒറ്റയ്ക്ക് യാത്ര ചെയ്ത് എത്തുന്ന മാതാപിതാക്കളാണ് അധികൃതരുടെ പരിശോധനയിൽ കുടുങ്ങുന്നത്. 90 ദിവസത്തെ മുഴുവൻ കാലാവധിയും അയർലണ്ടിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ മാറ്റം മൂലം മുൻകൂട്ടി ടിക്കറ്റ് ബ്ലോക്ക് ചെയ്യാൻ പോലും അവസരം നഷ്ട്ടപ്പെടുന്നതായും പറയപ്പെടുന്നു.വിസ ഉറപ്പാക്കിയതിനു ശേഷം ടിക്കറ്റ് എടുക്കുമ്പോൾ ചാർജ് വർദ്ധനവിനും അത് കാരണമായേക്കാം.
വർഷങ്ങളായി തുടർന്ന് വന്ന നടപടി ചട്ടങ്ങളിലാണ് ഐറിഷ് ഇമിഗ്രേഷൻ അധികൃതർ മാറ്റം വരുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫിസർ നിശ്ചിത സമയത്തേയ്ക്ക് അനുവദിച്ചാലും കാലാവധി നീട്ടികിട്ടാൻ അപ്പീൽ അപേക്ഷ നൽകാൻ ഗാർഡ/ വിസ ഓഫിസിൽ എത്തുമ്പോൾ ആവശ്യമായ വിശദീകരണം നൽകിയാൽ സമയം നീട്ടി നല്കുന്നത് സന്ദർശകരിൽ ചിലർക്കെങ്കിലും ആശ്വാസമാകുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top