ലണ്ടനിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചു; നാശനഷ്ടമുണ്ടാക്കിയത് 90 മൈൽ വേഗത്തിൽ അടിച്ച കാറ്റ്

സ്വന്തം ലേഖകൻ
ലണ്ടൻ : പ്രതീക്ഷിച്ചതിലും കരുത്തോടെ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് യുകെയിൽ വൻ നാശനഷ്ടമുണ്ടാക്കി. മണിക്കൂറിൽ 90 മൈലിലേറെ വേഗത്തിൽ വീശിയടിച്ച ഡോറിസിനു പിന്നാലെ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. കൊടുങ്കാറ്റിൽ വൂൾവർഹാംപ്ടണിൽ 29കാരി മരിച്ചു. തലയിൽ തടിക്കഷണം വീണു പരുക്കേറ്റ സ്ത്രീയാണ് മരിച്ച ഒരാൾ . സൗത്ത് ഈസ്റ്റ് ലണ്ടനിൽ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപകടത്തിൽപെട്ട് ഡ്രൈവറും മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ജിംനേഷ്യത്തിന്റെ മേൽക്കൂര വീണു ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ബ്രിസ്‌റ്റോളിൽ കനത്ത കാറ്റിൽ വലിയ മരം കടപുഴകി വീണ് പതിമൂന്നുകാരനു പരുക്കേറ്റു. സമീപകാലത്തൊന്നും കാണാത്ത വിധത്തിലുള്ള കാറ്റും നാശനഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്.
ഹീത്രൂ, കാർഡിഫ് വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഹീത്രുവിൽ നിന്ന് 77 വിമാന സർവീസുകൾ റദ്ദാക്കി. ഫെറി സർവീസുകളെയും കാറ്റ് ബാധിച്ചു. ചിലയിടങ്ങളിൽ റെയ്ൽപാളത്തിലേക്ക് മരങ്ങൾ കടപുഴകി വീണതു മൂലം ട്രെയ്ൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഹൈവേകളിലും മരങ്ങൾ വീണു. വിമാനങ്ങൾ റദ്ദാക്കിയതോടെ ഹൈവേകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
സ്‌കോട്ട്‌ലൻഡിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഷെഫീൽഡിൽ ആയിരം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി നോർത്തേൺ പവർഗ്രിഡ് അറിയിച്ചു. ചെഷെയർ, ലിങ്കൺഷെയർ എന്നിവിടങ്ങളിലും ആയിരതിലേറെ വീടുകളിൽ വൈദ്യുതി ബന്ധം താറുമാറായി. അയർലൻഡിൽ 56000 വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
അടുത്ത 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നോർത്ത് വെയിൽസിലും മറ്റു പ്രദേശങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറ്റ് ലാന്റിന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായി യുകെയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
Latest