എൻഎസ്എസിനെ ഒപ്പം കൂട്ടി വോട്ട് പിടിക്കാൻ സംഘപരിവാർ: ലക്ഷ്യം ശബരിമലയിലെ രാഷ്ട്രീയ നേട്ടം; പിന്നോക്കക്കാരുടെ തോളോട് തോൾ ചേർന്ന് നിന്ന് സിപിഎമ്മും ഇടതു മുന്നണിയും; സ്വന്തം വോട്ട് ബാങ്കിലെ ചോർച്ച തിരിച്ചറിഞ്ഞ് കോൺഗ്രസ് സഖ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധി സുപ്രീം കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലുണ്ടായ സംഭവങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും വൻ മാറ്റങ്ങളുണ്ടാക്കിയേക്കുമെന്ന് സൂചന. നവോത്ഥാനത്തിന്റെ പുതിയ മാതൃക തീർത്ത പിണറായി സർക്കാർ, തങ്ങളുടെ  മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നത് തന്നെ സംഘപരിവാറിനെയാണ്.  നവോത്ഥാനത്തിന്റെ പേരിൽ ന്യൂനപക്ഷ-ദളിത് സംഘടനകളെല്ലാം പിണറായി ഇടതു പക്ഷത്ത് ഉറപ്പിച്ചു നിർത്തി. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറിനും പിന്നാലെ ക്രൈസ്ത-ഇസ്ലാമിക മത നേതാക്കളേയും സർക്കാരുണ്ടാക്കിയ നവോത്ഥാന സമിതിയിൽ പിണറായി എത്തിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്ത് അനുകൂലമാക്കി പിണറായി മുന്നോട്ട് പോയപ്പോൾ ആർ എസ് എസും നേട്ടമുണ്ടാക്കി. ശബരിമലയിലെ യുവതി പ്രവേശന വിവാദത്തോടെ വിശ്വാസികളെ അണിനിരത്തി അയ്യപ്പ സംഗമവും അയ്യപ്പ ജ്യോതിയും പരിവാറുകാർ നടത്തി. അങ്ങനെ മത-സമുദായ നേതാക്കൾ രണ്ട് ചേരിയിലായി. ഇതോടെ പ്രതിസന്ധിയിലായത് യുഡിഎഫ് ആയിരുന്നു. മത-സമൂദായിക സംഘടനകൾ എല്ലാവരും കോൺഗ്രസിനെ കൈവിട്ട അവസ്ഥ. ഇതിന് മാറ്റം വരുത്താനാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്റെ ശ്രമം.

എൽ.ഡി.എഫ്. പിന്തുണയോടെ ആരംഭിച്ച നവോത്ഥാന സമിതിക്ക് ബദലുമായി യു.ഡി.എഫ് ചർച്ചകളിൽ സജീവമാവുകയാണ്. ഇതിന്റെ ആദ്യഘട്ടമായി വിവിധ സമുദായസംഘടനകളും വിഘടിത ഗ്രൂപ്പുകളുമായി ചർച്ചനടത്താൻ കൺവീനർ ബെന്നി ബെഹനാനെ ചുമതലപ്പെടുത്തി. ശബരിമല വിഷയത്തിലൂടെ എൻ എസ് എസ് അടക്കമുള്ളവർ സംഘപരിവാർ പക്ഷത്ത് എത്തിയെന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ന്യൂനപക്ഷ പിന്നോക്ക സമുദായ നേതാക്കളെ ഒപ്പം നിർത്തി പിണറായി വിജയൻ നടത്തിയ നീക്കമാണ് കോൺഗ്രസിന് വെട്ടിലാക്കിയത്. ഇതോടെ മറു വശത്ത് പിണറായി വിരുദ്ധരെയെല്ലാം ഒരുമിപ്പിച്ച് സംഘപരിവാറും നേട്ടമുണ്ടാക്കി. എൻ എസ് എസിനെ പോലുള്ളവർ പോലും പരിവാറിനൊപ്പമായി. ഇതിന് ബദലുണ്ടാക്കയാണ് ബെന്നി ബെഹന്നാന്റെ ചുമതല. എക്കാലത്തും സമുദായ നേതാക്കളെ സുഖിപ്പിച്ച് ഒപ്പം നിർത്തിയിരുന്ന യുഡിഎഫിന്റെ കൂടെ ആരുമില്ലാത്ത അവസ്ഥ മാറ്റുകയാണ് ലക്ഷ്യം.

എൻ എസ് എസ് പോലും സംഘപരിവാർ ക്യാമ്ബിലായതിന്റെ തിരിച്ചറിവിൽ ഞെട്ടി കോൺഗ്രസ് നേതൃത്വമാണ് വിമത നേതാക്കളെയെങ്കിലും ഒപ്പം നിർത്താൻ ചർച്ചകൾക്ക് ബെന്നി ബെഹന്നാനെ നിയോഗിച്ചത്. കാലങ്ങളായി യു.ഡി.എഫിനൊപ്പംനിന്ന പലവിഭാഗങ്ങളും അടർന്നുപോകുന്ന അവസ്ഥയുണ്ടാവാതിരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ നിലപാട്. ആദ്യപടിയായി ദളിത് ക്രൈസ്തവ വിഭാഗങ്ങൾ, മുസ്ലിം സമുദായ മുന്നണികൾ, കെ.പി.എം.എസ്. (ടി.വി. ബാബു വിഭാഗം), വെള്ളാപ്പള്ളിയെ എതിർക്കുന്ന എസ്.എൻ.ഡി.പി. യോഗത്തിലെ നേതാക്കൾ, വിശ്വകർമസഭാ നേതാക്കൾ, വിളക്കിത്തല നായർ സമാജം തുടങ്ങിയ സംഘടനകളുമായി ബെന്നി ബെഹനാൻ ചർച്ച നടത്തി. വിമതരെയെങ്കിലും യുഡിഎഫിനോട് അടുപ്പിക്കാനാണ് നീക്കം. എൻ.എസ്.എസ്. നേതൃത്വവുമായും വരുംദിവസങ്ങളിൽ ചർച്ച നടത്തും. എന്നാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാടാകും നിർണ്ണായകം.

യു.ഡി.എഫിനോട് താത്പര്യമുള്ള ബി.ഡി.ജെ.എസിലെ നേതാക്കൾ, ജനതാദൾ, ജെ.എസ്.എസ്. രാജൻബാബുവിഭാഗം എന്നിവരുമായും ചർച്ച നടത്തുന്നതിനും ബെന്നി ബെഹനാൻ ശ്രമിക്കുന്നുണ്ട്. നവോത്ഥാന സമിതിയും ബിജെപി.യെ പിന്തുണയ്ക്കുന്ന ശബരിമല കർമസമിതിയും സമുദായങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുമ്‌ബോൾ വലിയ വോട്ടുചോർച്ചയ്ക്ക് കാരണമാകുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. എൻ.എസ്.എസ്. ഉൾപ്പെടെയുള്ളവർക്ക് എൽ.ഡി.എഫിനോടുള്ള വിരോധം യു.ഡി.എഫിനോടില്ല. യു.ഡി.എഫിനോട് അടുക്കാൻ ഇവർക്കൊരു പൊതുവേദിയില്ലാത്ത അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനാണ് ശ്രമം. സമുദായ, സാമൂഹിക സംഘടകളുമായി ചർച്ച തുടങ്ങിയിട്ടുണ്ടെന്നും സമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബെന്നി ബെഹന്നാൻ പറയുന്നു. എന്തായാലും ഒരു ബദൽ ഐക്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

എൻ എസ് എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണയുണ്ടെങ്കിലേ ലോക്സഭയിൽ 18 സീറ്റിൽ ജയിക്കാനാകുവെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മുസ്ലിം ലീഗുള്ളതു കൊണ്ട് മുസ്ലിം മതന്യൂനപക്ഷം യുഡിഎഫിനെ കൈവിടില്ല. എന്നാൽ ശബരിമലയിൽ അയ്യപ്പഭക്തർ പിണങ്ങുന്നതും ക്രൈസ്തവ സഭകൾ ഇടത് ക്യാമ്ബിലേക്ക് പോകുന്നതും യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പുതിയ വേദിക്കുള്ള കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ശ്രമം.

Latest