ബിഷപ്പിന്റെ ലൈംഗീക പീഡനം: കന്യാസ്ത്രീകള്‍  തെരുവിലേക്ക്; എര്‍ണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ധര്‍ണ്ണ

കൊച്ചി: ബിഷപ്പപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയില്‍ നീതി തേടി കന്യാസ്ത്രീകളും കുടുംബാഗങ്ങളും പ്രത്യക്ഷ സമരപരിപാടികളുമായി തെരുവിലേക്ക്. നീതി നിഷേധത്തിനെതിരെ ഇന്നു രാവിലെ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ധര്‍ണ നടത്താനാണ് പരിപാടി. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും പരാതിക്കാരിക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് കന്യാസ്ത്രീകളുംഅവരുടെ കുടുംബാഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കും.

ബിഷപ് ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ട് രണ്ട് മാസം പിന്നിട്ടു. പരാതിക്കാരിയായ കന്യാസ്ത്രീയെ അഞ്ചുപ്രാവശ്യം ചോദ്യം ചെയ്ത അന്വേഷണസംഘം വീണ്ടും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ചാണ് സമരം. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരാതിക്കാരി കടുത്ത മാനസിക സമ്മര്‍ദത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കന്യാസ്ത്രീ ചങ്ങനാശേരി സി.ജി.എം. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ്സംഘം പരാതി സാധൂകരിക്കുന്ന ഇരുപതോളം തെളിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് മാസമായി വൈക്കം ഡിവൈ.എസ്.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും ഡല്‍ഹിയിലും പഞ്ചാബിലുമായി നടത്തിയ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കന്യാസ്ത്രീയുടെ പരാതിയിലെ പിഴവുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴും പോലീസിന്റെ അന്വേഷണം നടക്കുന്നതെന്ന ആരോപണമുണ്ട്.

അതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സഭയിലെ കൂടുതല്‍ കന്യാസ്ത്രീമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചെന്നും ഒരാള്‍ മറ്റൊരു സഭയില്‍ ചേര്‍ന്നെന്നുമാണ് ആരോപണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ ആലിംഗനം ചെയ്തുവെന്നും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പരാതി വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറിയത് ഭഗല്‍പൂര്‍ ബിഷപ് വഴിയാണെന്ന് കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴി രേഖപ്പെടുത്തി. ബിഷപ് വലിയകണ്ടത്തിലിന്റെ എറണാകുളം ഇലഞ്ഞിയിലെ വസതിയിലെത്തി ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കുളള പരാതി നല്‍കുകയായിരുന്നു. ബംഗളുരുവില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍വച്ചാണ് കന്യാസ്ത്രീയുടെ പരാതി ഭഗല്‍പൂര്‍ ബിഷപ് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയതെന്ന് ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

Top