ജലന്ധര്‍ ബിഷപ്പ് പീഡനക്കേസ്: കന്യാസ്ത്രീയെ വകവരുത്താന്‍ ശ്രമം; എല്ലാം തുറന്ന് പറഞ്ഞ് കൊലപാതകത്തിന് ശ്രമിച്ച വ്യക്തി രംഗത്ത്

ജലന്ധര്‍ ബിഷപ്പിനെതിരായി ഉയര്‍ന്ന ലൈംഗീക പീഡന പരാതിയില്‍ പോലീസ് നിഷ്‌ക്രിയമായി നടപടികള്‍ തുടരവേ കൂടുതല്‍ ക്രൂരതകളുടെ തെളിവുകള്‍ പുറത്ത് വരുന്നു. പരാതിയില്‍ പോലീസ് നടപടി ഒച്ചിഴയുന്ന വേഗത്തിലാണെങ്കിലും ബിഷപ്പിനെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ ഉന്നതന്മാര്‍ക്ക് കഴിയില്ല, ഇതിനായി മറ്റൊരു ക്രൂരതയ്ക്ക് പദ്ധതിയിട്ടു എന്നാണ് പുറത്ത് വരുന്ന വിവരം.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന കന്യാസ്ത്രീയെ വകവരുത്താനാണ് പദ്ധതിയിട്ടത്. കുറുവിലങ്ങാട് മഠത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച പരാതി കുറവിലങ്ങാട് പൊലീസിന് കന്യാസ്ത്രീ നല്‍കിയത്. ഇതില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മഠത്തിലെ ജീവനക്കാരനും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.

മഠത്തിലെ പിന്റു എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കന്യാസ്ത്രീയ്ക്കെതിരായ വധ ശ്രമം വെളിപ്പെടുത്തിയത്. തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും ഇനി താങ്ങാനാവില്ലെന്നുമാണ് പിന്റും ഇന്നലെ മഠത്തിലെ കന്യാസ്ത്രീകളോട് പറഞ്ഞത്. പീഡന പരാതി കൊടുത്ത കന്യാസ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ തന്നോട് ബിഷപ്പിന്റെ അനുയായി ആവശ്യപ്പെട്ടുവെന്നാണ് പിന്റെ വെളിപ്പെടുത്തിയത്. എങ്ങനേയും കന്യാസ്ത്രീയെ കൊല്ലണമെന്ന നിര്‍ദ്ദേശം കിട്ടിയെന്നും ഇത് കാരണം താന്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും പിന്റു പറഞ്ഞു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീ വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ ബിഷപ്പിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചതിന്റെ പരിണിത ഫലം എത്രത്തോളം വലുതാണെന്നും വ്യക്തമാവുകയാണ്.

ജലന്ധര്‍ ബിഷപ്പുമായി ഏറെ അടുപ്പമുള്ള അനുയായിയാണ് ലോറന്‍സ് ചിറ്റുപറമ്പില്‍. ജലന്ധര്‍ സഭയിലെ വൈദികനാണ് ലോറന്‍സ്. ഇയാളുടെ സഹാദരന്‍ തോമസ് ചിറ്റുപറമ്പിലാണ് മഠത്തിലെ അന്യ സംസ്ഥാന ജീവനക്കാരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് ഉയരുന്ന ആരോപണം. ബലാത്സംഗ കേസ് ചര്‍ച്ചയായപ്പോള്‍ തന്നെ തോമസ് കുറുവിലങ്ങാട് മഠത്തിലെത്തി അസം സ്വദേശിയായ പിന്റുവിനെ കണ്ടിരുന്നു. കന്യാസ്ത്രീയുടെ യാത്രാ വിവരങ്ങള്‍ കൈമാറണമെന്നും മറ്റുമായിരുന്നു ആവശ്യം. ഇതിനായി പിന്റുവിന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്തു. ഇതിന് പിന്നിലെയാണ് പുതിയ ആവശ്യങ്ങളുമായി ലോറന്‍സ് എത്തിയത്. കേസില്‍ നിന്ന് കന്യാസ്ത്രീ പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് ലോറന്‍സ് വകവരുത്താന്‍ സമ്മര്‍ദ്ദം തുടങ്ങിയത്.

കന്യാസ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് അഴിച്ചു വയ്ക്കാനും ടയറിന്റെ വാള്‍ട്യൂബ് കുഴപ്പത്തിലാക്കാനുമായിരുന്നു ആവശ്യം. അപകടത്തില്‍ കന്യാസ്ത്രീയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്റു വഴങ്ങിയില്ല. ഇതോടെ പലവിധ സമ്മര്‍ദ്ദമായി. ഈ സാഹചര്യത്തിലാണ് എല്ലാം കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് തുറന്നു പറഞ്ഞത്. ഇരയെ കൊന്ന് കേസ് ഇല്ലാതാക്കാനുള്ള മെത്രാന്റെ തന്ത്രമാണ് ഇതിലൂടെ പുറത്താക്കുന്നത്. നേരത്തെ പത്ത് ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്തും കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ശ്രമിച്ചിരുന്നു. ഈ പരാതിയിലും കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. ഇതിന്റെ ബലത്തിലാണ് കന്യാസ്ത്രീയെ കൊല്ലാന്‍ പോലും ഗൂഢാലോചന നടത്തുന്നതെന്നും വ്യക്തം.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെ കേരളാ പൊലീസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബിഷപിന്റെ അറസ്റ്റ് ഉടനെയില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചത്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഏറെയുണ്ടായിട്ടും പൊലീസ് അതിന് തയ്യാറായില്ല. ഇതിന് പിന്നില്‍ ചില ഒത്തുകളില്‍ ഉണ്ടെന്നും വിശദീകരണമെത്തി. എങ്ങനേയും കേസ് ഒതുക്കാന്‍ ശ്രമം സജീവമാക്കിയെങ്കിലും കന്യാസ്ത്രീ വഴങ്ങിയില്ല. ഇതോടെയാണ് അവരെ വകവരുത്താനുള്ള തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് വിലയിരുത്തല്‍.

Latest
Widgets Magazine