നേഴ്‌സ് ലിനിയുടെ ഓർമ്മകള്‍ക്ക് ഒരു മാസം..രണ്ടുവയസ്സുകാരന്‍ സിദ്ധാര്‍ത്ഥ് ഇപ്പോഴും അമ്മയെ കാത്തിരിക്കുന്നു

പേരാമ്പ്ര: ഒരു മാസമായി രണ്ടു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥ് ഇപ്പോഴും അമ്മയെ കാത്തിരിക്കുകയാണ്. 30 ദിവസം മുമ്പായിരുന്നു അവന്റെ അമ്മ ഉമ്മ നല്‍കി ജോലിക്ക് പോയത് ഒന്നും മനസ്സിലായിട്ടില്ലാത്ത അവന്‍ അമ്മ ജോലി കഴിഞ്ഞ് തിരിച്ചു വരുമെന്ന് ഇപ്പോഴും വിശ്വസിക്കുകയും ഓരോ കാല്‍പ്പെരുമാറ്റത്തില്‍ പ്രതീക്ഷയോടെ ഓടിയെത്തുകയും ചെയ്യുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നിപാ വൈറസ് ബാധയേറ്റ് നഴ്‌സ് ചെമ്പനോട് പുതുശ്ശേരി ലിനി മരണമടഞ്ഞിട്ട് ഒരു മാസം തികഞ്ഞു.നിപാവൈറസ് ബാധയെ തുടര്‍ന്ന മെയ് 21 നായിരുന്നു ലിനി മരിച്ചത്.

രണ്ടു വയസ്സുള്ള ഇളയമകന്‍ ഇപ്പോഴും കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍ അമ്മയാണോ എന്ന് വന്ന് നോക്കാറുണ്ട്. മക്കളെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം അമ്മയെയും ഭര്‍ത്താവിനെയും ഏല്‍പ്പിച്ചായിരുന്നു ലിനി മടങ്ങിയത്. അഞ്ചു വയസ്സുള്ള മൂത്തമകന് ആകെ സങ്കടമാണ്. യുകെജിയില്‍ അടുത്തയാഴ്ച മുതല്‍ ക്‌ളാസ്സു തുടങ്ങുന്ന കുഞ്ചുവിനെ പഠിപ്പിക്കാന്‍ ഇനി അമ്മ വരില്ലെന്ന് അവന് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. എല്‍കെജിയില്‍ ആയിരിക്കുമ്പോള്‍ പഠിപ്പിക്കുകയും ഒരുക്കി സ്‌കൂളില്‍ വിടുകയും ചെയ്തിരുന്നത് അമ്മയായിരുന്നു.

അസുഖം പടരാതിരിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ കൊണ്ടുവരാതെ ലിനിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ ദഹിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവേ ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് വൈറലായി മാറിയിരുന്നു. കുട്ടികളെ ഇപ്പോള്‍ നോക്കുന്നത് അമ്മമ്മ രാധയും അച്ഛന്‍ സജീഷുമാണ്. ലിനിയുടെ രോഗ വിവരം അറിഞ്ഞ് നാട്ടിലെത്തിയ സജീഷ് വിദേശത്തെ ജോലി ഉപേക്ഷിച്ചിരുന്നു. സജീഷിന് ജോലി കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലിലെ അര്‍പ്പണ ബോധമാണ് ലിനിയെ വൈറസ് ബാധയ്ക്ക് ഇരയാക്കിയത്. ലോകം മുഴുവനും ലിനിക്ക് ആദരം അര്‍പ്പിച്ചു.

Latest
Widgets Magazine