സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍ ശുപാര്‍ശ

52576_1472090363

തൃശൂര്‍: നേഴ്സിങ് സംഘടനാ നേതാവ് ജാസ്മിന്‍ ഷായുടെ ഇടപെടലുകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍ ശുപാര്‍ശ. നിലവില്‍ കുറഞ്ഞ ശമ്പളം 13,000 ആണ്.

സര്‍ക്കാര്‍ രൂപം നല്‍കിയഅവലോകനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശമുണ്ടാകും. ഇന്നു തലസ്ഥാനത്ത് അവലോകനസമിതിയുടെ അവസാന സിറ്റിങ് നടക്കും. തൊഴില്‍വകുപ്പു കമ്മിഷണര്‍ അധ്യക്ഷനായ സമിതി ഒക്ടോബര്‍ ആദ്യം സര്‍ക്കാരിന് അന്തിമശിപാര്‍ശ നല്‍കും. പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോണസ് ഇനത്തില്‍ മുന്‍വര്‍ഷം രണ്ടുമാസത്തെ ശമ്പളത്തുക നല്‍കിയത് 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. മാനേജ്മെന്റുകള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഒക്ടോബര്‍ പത്തിനകം കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായില്ലെങ്കില്‍ നഴ്സുമാര്‍ വീണ്ടും സമരപാതയിലേക്കു നീങ്ങുമെന്ന് ജാസ്മിന്‍ ഷാ അറിയിച്ചു.

ശമ്പളപരിഷ്‌കരണം നടന്ന് അഞ്ചുവര്‍ഷമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകളുടെ എതിര്‍പ്പ്. 2013 നവംബര്‍ അഞ്ചിനാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം പുനഃപ്പരിശോധനയാകാമെന്നു സര്‍ക്കാര്‍ അന്നേ ഉറപ്പുനല്‍കിയിരുന്നുവെന്ന് യു.എന്‍.എ. ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ആശുപത്രികള്‍ നിലനില്‍പ്പിനു ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്ന നടപടികളിലേക്കു നീങ്ങാനാകില്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹുസൈന്‍കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സാമ്പത്തിക ബാധ്യത മൂലം 72 എണ്ണം പൂട്ടിയെന്നും അദ്ദേഹം അറിയിച്ചു.

Top