ഇന്ത്യയിലെ ഏത് ഏജൻസി വഴിയും വിദേശത്തേക്ക് നഴ്സിംഗ് റിക്രൂട്മെന്‍റ് ആകാമെന്ന് കേന്ദ്രം

ഇന്ത്യയിലെ ഏത് ഏജൻസി വഴിയും വിദേശത്തേക്കു നഴ്സിംഗ് റിക്രൂട്മെന്റ് ആകാമെന്നു കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം. നോർക്ക, ഒഡെപെക് ഉൾപ്പെടെ ആറു സർക്കാർ ഏജൻസികൾ വഴിമാത്രമേ റിക്രൂട്മെന്റ് നടത്താവൂ എന്ന വ്യവസ്ഥ ഇതോടെ ഇല്ലാതായി. പുതിയ ഉത്തരവ് അനുസരിച്ച് ഇനി സ്വകാര്യ ഏജൻസികൾക്കും റിക്രൂട്മെന്റ് നടത്താം.
സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ വാങ്ങി ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണു നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി 2015ൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ആറു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കായിരുന്നു നിയന്ത്രണം. കുവൈത്തും സൗദിയുമായി ഇതനുസരിച്ചു നിയമനത്തിനു പ്രത്യേകം കരാറുകൾ ഒപ്പിടുകയും ചെയ്തു. എന്നാൽ റിക്രൂട്മെന്റ് മന്ദഗതിയിലായതായി പരാതി ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തിവരുകയാണ്. അന്വേഷണത്തിന് ഉതകുംവിധം ഇന്ത്യൻ എംബസിയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ അതോറിറ്റി കുവൈത്ത് വിദേശമന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നിർദ്ദേശം. സർക്കാർ നിശ്ചയിച്ചതിന്റെ 100 ഇരട്ടിയിലേറെ പണം കൈപ്പറ്റിയ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സിംഗ് റിക്രൂട്മെന്റ് നടത്തിയ കേസിൽ മലയാളി ഏജൻസി ഉടമ ഉതുപ്പ് വർഗീസിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്‌. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ആറ് ഏജൻസികളെ മാത്രം ചുമതലപ്പെടുത്തിയത് രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കാൻ ഇടയാക്കുമെന്നു വാദിച്ച് സ്വകാര്യ ഏജൻസികൾ കോടതിയെ സമീപിക്കുകയും ചെയ്തു. അതിനനുകൂലമായ ഡൽഹി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം.

Latest
Widgets Magazine