പട്ടിണി മാറ്റാന്‍ ബംഗാളില്‍ നിന്ന് വണ്ടികയറിയ റഹീം കേരളത്തില്‍ നിന്ന് മടങ്ങിയത് കോടിശ്വരനായി; ഒരു കോടി ലോട്ടറി കിട്ടിയ ബംഗാളി തൊഴിലാളിയുടെ കഥ

കേരളത്തിലേക്ക് വണ്ടികയറുമ്പോള്‍ ഈ ബംഗാളിയുടെ മനസില്‍ പട്ടിണികൂടാതെയുള്ള ജീവിതം മാത്രമായിരുന്നു സ്വപ്നം. പക്ഷെ എല്ലാം മാറ്റിമറിച്ച് ദൈവ നിശ്ചയമാണെന്ന് വിശ്വസിക്കാനാണ് അത്താഴ പട്ടിണിക്കാരനില്‍ നിന്ന് കോടിശ്വരനായ മോഹിജുള്‍ റഹിം ഷെയ്ഖിന് ഇഷ്ടം. കേരളത്തിലേക്ക് കൂലിപണിക്കായി എത്തിയ ബംഗാളി യുവാവിന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയുടെ കാരുണ്യ ലോട്ടറി അടിച്ചതോടെയാണ് ജീവിതം മാറി മറിഞ്ഞത്.
കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനം ലഭിച്ചയാളാണ് പശ്ചിമബംഗാളിലെ ലക്മിപ്പുരില്‍നിന്നുള്ള ഈ 22കാരന്‍. കോടീശ്വരനായി മടങ്ങിയെത്തിയ തന്നെ അഭിനന്ദിക്കാനെത്തിയവര്‍ക്ക് മധുരം വാങ്ങി നല്‍കാന്‍ തല്‍ക്കാലം മോഹിജുളിന്റെ പക്കല്‍ പണമില്ല. ഉള്ളത് 200 രൂപ മാത്രം.

പത്തുദിവസം മുമ്പാണ് 650 രൂപയുമായി മോഹിജുള്‍ കൂട്ടുകാരന്‍ ഷഹാബുദ്ദീനുമായി കോഴിക്കോട്ടേയ്ക്ക് വന്നത്. 400 രൂപയോളം ട്രെയിന്‍ ടിക്കറ്റിന് ചെലവാക്കി. 150 രൂപയ്ക്ക് ഭക്ഷണവും കഴിച്ചു. മിച്ചമുണ്ടായിരുന്ന 100 രൂപയില്‍ 50 രൂപ മുടക്കിയാണ് ടിക്കറ്റെടുത്തത്. വികലാംഗനായ ഒരാള്‍ ടിക്കറ്റ് വില്‍ക്കാനെത്തിയപ്പോള്‍ സഹതാപം തോന്നിയാണ് മോഹിജുള്‍ ടിക്കറ്റ് വാങ്ങാന്‍ തീരുമാിനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം സമ്മാനമായ ഒരു കോടി രൂപ തനിക്കാണ് അടിച്ചതെന്നറിഞ്ഞപ്പോള്‍ ആദ്യമൊന്ന് പകച്ച മോഹിജുള്‍, വീട്ടില്‍ വിളിച്ച് ഉപദേശം തേടി. അച്ഛനമ്മമാരാണ് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ഉപദേശിച്ചത്. ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ടിക്കറ്റ് അവിടെ ഏല്‍പ്പിച്ചു. ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൈയില്‍ സൂക്ഷിച്ചു. ഇപ്പോഴും ഇടയ്ക്കിടെ സംശയം മാറ്റാനെന്നോണം അതെടുത്ത് നോക്കാറുണ്ടെന്നും മോഹിജുള്‍ പറഞ്ഞു.

മോഹിജുള്‍ തിരിച്ചുവന്നതറിഞ്ഞ് അവനെ അഭിനന്ദിക്കാനായി വീട്ടിലേക്ക് എത്തുന്നവരേറെയാണ്. 18കാരിയായ ഭാര്യ റഫീസ ബീവി അതിഥികളെ സല്‍ക്കരിക്കുന്ന തിരക്കിലാണ്. പണം സൂക്ഷിച്ചുപയോഗിക്കണമെന്ന് ഭര്‍ത്താവിനെ ഉപദേശിച്ചതായി റഫീസ പറഞ്ഞു. പത്തുമാസം പ്രായമുള്ള മകള്‍ മൗസുമ ഖാത്തൂനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കണമെന്നതാണ് റഫീസയുടെ ആഗ്രഹം.

ഒരു കോടി രൂപ അടിച്ചെങ്കിലും അതില്‍ എത്ര തുക നികുതിയായി പിടിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ മോഹിജുളിന്റെ കുടുംബം. ആദ്യമായാണ് അവര്‍ നികുതിയെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. എത്രശതമാനം തുക പിടിച്ചുപോകുമെന്ന ആശങ്കയിലാണവര്‍. കിട്ടുന്ന പണം ഉപയോഗിച്ച് അല്‍പം ഭൂമി വാങ്ങണമെന്നും സാരിക്കച്ചവടം തുടങ്ങണമെന്നുമൊക്കെയുള്ള പല വിധ ആഗ്രഹങ്ങളിലാണ് ഈ കൊച്ചുകുടുംബമിപ്പോള്‍.

Top