ഓഖിയിൽ കുടുങ്ങിയവർ തിരികെയെത്തി; 185 പേരിൽ 26 പേർ മലയാളികൾ

സ്വന്തം ലേഖകൻ

കൊച്ചി: ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായ 185 മത്സ്യത്തൊഴിലാളികൾ കൂടി തീരത്തെത്തി. ലക്ഷദ്വീപിൽ നിന്ന് ഏഴ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ അഭയം തമിഴ്നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരിൽ 26 മലയാളികളും ഉൾപ്പെടുന്നു. ഇതിൽ അവശരായ ഒൻപതുപേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഓഖി ദുരന്തത്തിൽ കാണാതായവർക്കായി തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. മൽസ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. ചുഴലിക്കാറ്റിൽ പെട്ട് മടങ്ങിയെത്താത്തവർക്കായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിൽ പെട്ട് ഇനിയും തീരമണയാത്തവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ലത്തീൻ ദേവാലയങ്ങളിൽ നടന്നു. ദുരന്തനിവാരണസംവിധാനങ്ങൾ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെന്ന് പള്ളികളിൽ വായിച്ച ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ സന്ദേശത്തിൽ വിമർശിച്ചു.

ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. അതേസമയം, തിരച്ചിലിന് അയൽരാജ്യങ്ങളുടെ സഹായം തേടുന്നതുൾപ്പെടെ, ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

Latest
Widgets Magazine