അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ വൃക്ക വില്‍പനക്കൊരുങ്ങി അടിമാലി വെള്ളത്തൂവലിലെ തണ്ണിക്കോട്ട് ജോസഫും ഭാര്യ ആലീസും. കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കാനായി വീട്ടുചുമരില്‍ വൃദ്ധ ദമ്പതികള്‍ പരസ്യം എഴുതിവച്ചിരിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ തകര്‍ന്ന വീടിന്റെ ചുമരില്‍ പരസ്യം എഴുതി വച്ചാണ് വൃക്ക വില്‍പനക്കുളള ശ്രമം. ഭാര്യ ആലീസും ചേര്‍ന്നുളള ഇരുപത്തിയഞ്ച് വര്‍ഷത്തെ അദ്ധ്യാനത്തില്‍ നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ് പുനര്‍നിര്‍മ്മാണത്തിന് വൃക്ക വിറ്റ് പണം നേടാന്‍ ശ്രമിക്കുന്നതെന്നും ജോസഫ് പറയുന്നു. പ്രളയ ദുരന്തത്തില്‍ എട്ടു മുറികള്‍ ഉള്ള വീട് പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ വീടു പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്തതും, തകര്‍ന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. ആഗസ്റ്റിലെ പ്രളയകാലത്തെ വീടിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. ആറു മാസമായിട്ടും ഒരു സഹായവും കിട്ടാത്തതിനു കാരണം കൈക്കൂലി കൊടുക്കാഞ്ഞതിനാലാണെന്ന് ബോദ്ധ്യപ്പെട്ടതായുമാണ് ജോസഫിന്റെ ആരോപണം.