ചെറിയ അവസരം പോലും അയാള്‍ പാഴാക്കില്ല; 13 വയസ്സ് മുതല്‍ പീഡിപ്പിക്കപ്പെട്ടു

പീഡന വിവാദങ്ങള്‍ ഹോളിവുഡിനെ പിടിച്ചുകുലുക്കിയതിനു പിന്നാലെ കായിക ലോകത്തും പുതിയ ലൈംഗിക വിവാദം കത്തിപ്പടരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഒളിമ്പിക്‌സില്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെള്ളിയും കരസ്ഥമാക്കിയ മക്കെയ്‌ല മറോണിയാണ് താന്‍ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടതായി തുറന്നു പറഞ്ഞത്. ജിംനാസ്റ്റിക്‌സ് ടീമിന്റെ ഡോക്ടറായിരുന്ന ലാറി നാസറാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും മക്കെയ്‌ല വെളിപ്പെടുത്തി. 13ാം വയസ്സ് മുതല്‍ തുടര്‍ച്ചയായി ഏഴു വര്‍ഷം നാസര്‍ തന്നെ പീഡിപ്പിച്ചതായി മറോണി വെളിപ്പെടുത്തി. വ്യത്യസ്ത പീഡനക്കേസുകളില്‍ വിചാരണ കാത്ത് ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് നാസര്‍. ടെക്‌സാസില്‍ നടന്ന ഒരു പരിശീലനക്യാമ്പില്‍ വച്ചാണ് നാസര്‍ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് 21 കാരിയായ മറോണി പറഞ്ഞു. താന്‍ കായിക രംഗം വിടുന്നതു വരെ ഈ പീഡനം തുടര്‍ന്നുവെന്നും താരം പറയുന്നു. എപ്പോള്‍ അവസരം കിട്ടിയാലും നാസര്‍ തന്നെ പീഡിപ്പിച്ചിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സിനിടെയും അയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നു മറോണി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡിലെ പ്രശസ്ത നിര്‍മാതാ വായ ഹാര്‍വി വെയ്ന്‍സീനിനെതിരേ പ്രമുഖ നടികള്‍ ലൈംഗിക പീഡന ആരോപണം പുറത്തുവിട്ടതിനെ പിറകെയാണ് മറോണിയും സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മറോണി താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. 50 വയസ്സ് പിന്നിട്ട നാസര്‍ കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് ടീമിന്റെ ഭാഗമായിരുന്നു. നാല് ഒളിമ്പിക്‌സുകളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടാവുകയും ചെയ്തു.

Top