കുടുംബവിസക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ഒമാൻ പൊലീസ്​ പുറത്തിറക്കി

കുടുംബവിസക്ക്​ അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ്​ പുറത്തിറക്കി. വേതനപരിധി അറുനൂറിൽ നിന്ന്​ മുന്നൂറ്​ റിയാലായി ചുരുക്കിയ പശ്​ചാത്തലത്തിലാണ്​ ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ പൊലീസ്​ മാറ്റം വരുത്തിയത്​. കുടുംബവിസക്കുള്ള അപേക്ഷകർ മൂന്ന്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെൻറും ഒപ്പം ഫ്ലാറ്റിന്‍റെ വാടക കരാറുമാണ്​ സമർപ്പിക്കേണ്ടത്​. വാടക കരാർ അപേക്ഷകന്‍റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം. ബന്ധപ്പെട്ട വകുപ്പ്​ സാക്ഷ്യപ്പെടുത്തിയതാകണം വാടക കരാർ. അപേക്ഷകരുടെ പ്രതിമാസ വേതനം മുന്നൂറ്​ റിയാലിൽ കുറയരുതെന്നും പൊലീസ്​ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്​ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ റെസിഡൻസ് ​ വിസയുള്ള ഇന്ത്യ,ചൈന, റഷ്യ പൗരൻമാർക്കാണ്​ ഒമാനിൽ സ്​പോൺസർമാരില്ലാത്ത വിസ ലഭിക്കുകയെന്നും ആർ.ഒ.പി അറിയിച്ചു. പാസ്​പോർട്ടിന്​ കുറഞ്ഞത്​ ആറുമാസമെങ്കിലും കാലാവധിയുള്ളവർക്കാണ്​ വിസക്ക്​ അപേക്ഷിക്കാൻ അർഹത. തിരിച്ചുള്ള വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്​ രേഖകളും ഹാജരാക്കുകയും വേണം. ഇവർക്ക്​ ഒപ്പം യാത്ര ചെയ്യുന്ന പങ്കാളിക്കും കുട്ടികൾക്കും മുകളിൽ പറഞ്ഞ രാജ്യങ്ങളുടെ വിസയില്ലെങ്കിൽ കൂടി ഒമാനിൽ വിസ അനുവദിക്കും. ഒരു മാസത്തേക്ക്​ 20 റിയാൽ ആണ്​ വിസാ ഫീസ്. ഒരു വർഷകാലത്തേക്ക്​ പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഇത്​ നടപ്പിലാക്കുക. ഒരു വർഷത്തിന്​ ശേഷം ആവശ്യമെങ്കിൽ ഇൗ സൗകര്യം പുനരവലോകനം ചെയ്യുമെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

Top