പത്തുകോടി കാത്തിരുന്നവർക്ക് നിരാശ!

ഭാഗ്യാന്വേഷകർ കാത്തിരുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. നേരത്തെ സെപ്റ്റംബർ 20 ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്. പുതിയ തീരുമാനപ്രകാരം സെപ്റ്റംബർ വെള്ളിയാഴ്ച നറുക്കെടുപ്പ് നടത്തുമെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചിരിക്കുന്നത്. പുതുതായി അച്ചടിച്ച അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനാണ് ഓണം ബമ്പർ നറുക്കെടുപ്പ് രണ്ട് ദിവസത്തേക്ക് നീട്ടിവെച്ചത്. ആദ്യം അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോട്ടറി വകുപ്പ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി കഴിഞ്ഞദിവസം അച്ചടിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴ ലോട്ടറി വിൽപ്പനയെ പ്രതികൂലമായി ബാധിച്ചതോടെയാണ് നറുക്കെടുപ്പ് നീട്ടിയത്. പുതുതായി അച്ചടിച്ച ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനാണ് ലോട്ടറി വകുപ്പ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സെപ്റ്റംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്ത് കോടി രൂപയാണ് ഇത്തവണ ഓണം ബമ്പറിലെ ഒന്നാം സമ്മാനം. 250 രൂപ വിലയുള്ള ഓണം ബമ്പർ ലോട്ടറി വിൽപ്പന ജൂലായ് 25 മുതലാണ് ആരംഭിച്ചത്. വിൽപ്പന ആരംഭിച്ച ദിവസം മുതലേ ഓണം ബമ്പറിന് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായെത്തിയ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റുകൾ പലയിടത്തും ദിവസങ്ങൾക്കകം വിറ്റുതീർന്നു. ഇതോടെ ആദ്യം അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകൾക്ക് പുറമേ 20 ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചു. ഓണം ബമ്പർ വിൽപ്പനയിലൂടെ ഇത്തവണ സംസ്ഥാന സർക്കാരിന് റെക്കോർഡ് വരുമാനമാണ് ലഭിച്ചത്. ഒന്നാം സമ്മാനമടക്കം 61.81 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പർ നറുക്കെടുപ്പിൽ നൽകുന്നത്. ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതിയോളം സമ്മാനമായി നൽകണമെന്നാണ് സർക്കാർ നയം. എന്നാൽ ഇത് ബമ്പർ ടിക്കറ്റുകൾക്ക് ബാധകമല്ല.

Latest
Widgets Magazine