ഓണം ബമ്പര്‍ സമ്മാനം സര്‍ക്കാരിന്; നേടിയത് കോടികള്‍; ഞെട്ടിക്കുന്ന കണക്ക്

ഓണം ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞിട്ടില്ലെങ്കിലും ഒന്നാം സമ്മാനം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പിച്ചു. 10 കോടിയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക. ഒരു ദിവസം ഒരു ലക്ഷം ടിക്കറ്റുകളാണ് ഇപ്പോള്‍ വിറ്റുപോവുന്നത്. സര്‍ക്കാരിനെപ്പോലും അമ്പരപ്പിക്കുന്ന കണക്കാണ് ഇത്. 108 കോടി രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിക്കഴിഞ്ഞു. തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കാണിത്. ടിക്കറ്റിന്‍റെ വില 250 രൂപയാണെങ്കിലും ഇതൊന്നും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. 48 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ഇവ തീരാറായതിനാല്‍ 12 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ പരമാവധി അടിക്കാനുള്ള അനുമതിയാണുള്ളത്. ചുരുങ്ങിയത് 70 ലക്ഷം ടിക്കറ്റെങ്കിലും നറുക്കെടുപ്പിന് മുമ്പ് വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഓണം ബമ്പറിന്റെ മൊത്തം സമ്മാനത്തുക 61.81 കോടി രൂപയാണ്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം എട്ടു കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. അന്ന് ടിക്കറ്റിന്‍റെ വില 200 രൂപയായിരുന്നു.

Latest
Widgets Magazine