4000 രൂപയ്ക്ക് ലഭിച്ചത് പഴയ ബെല്‍റ്റും ഒരു ഷൂസും  

ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിങാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇഷ്ടമുള്ളത് ഒരു ക്ലിക്കില്‍ തെരഞ്ഞെടുത്താല്‍ സെക്കന്റിനുള്ളില്‍ വീട്ടിലെത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. എന്നാല്‍, ഇങ്ങനെ ഓണ്‍ലൈന്‍ വഴി പണം നല്‍കി സാധനം വാങ്ങുന്നവര്‍ക്ക് പല ചതിയും പറ്റിയിട്ടുണ്ട്. സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ചിലപ്പോള്‍ സാധിക്കാറില്ല. പലരും തട്ടിപ്പിനിരയായിട്ടുണ്ട്. സാധനങ്ങള്‍ കൈപറ്റിയാല്‍ തിരിച്ചു നല്‍കാന്‍ പറ്റില്ലെന്നതു തന്നെയാണ് ഇതിന്റെ വെല്ലുവിളി. സമാനമായ സംഭവം നടന്നത് കയ്പമംഗലത്താണ്. നാലായിരം രൂപ നല്‍കി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിയത് പഴയ ബെല്‍റ്റും ഷൂസും. രാഹുല്‍ എന്ന യുവാവിനാണ് ചതി പറ്റിയത്. മാര്‍ച്ച് 15നാണ് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് പാര്‍സല്‍ വാങ്ങി തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. കവറിനുള്ളില്‍ ഒരു ഷൂവും പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവരൊന്നും അറിഞ്ഞില്ലെന്ന രീതിയിലാണ് മറുപടി ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോസ്റ്റോഫീസില്‍ പരാതി നല്‍കിയ രാഹുല്‍ മതിലകം പൊലീസിലും പരാതി നല്‍കി.

Top