മാരിവില്ലിന്‍ തേന്‍ മലരേ…. ശ്യാമസുന്ദര പുഷ്പമേ…..

ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, മയില്‍പ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, വളപ്പൊട്ടുകള്‍, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങക പക്ഷികള്‍, തോന്ന്യാക്ഷരങ്ങള്‍, മൃഗയ, ആദ്യകാല കവിതകള്‍, അപരാഹ്നം, വെറുതെ, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം, നറുമൊഴി എന്നിവയാണ് ഒഎന്‍വിയുടെ പ്രധാന കാവ്യസമാഹാരങ്ങള്‍. ഗാനമാല, ഗാനമേള, ഒ എന്‍ വിയുടെ നാടകഗാനങ്ങള്‍, ഗാനോല്‍സവം, രാഗം ശ്രീരാഗം, ഗാനകേളി എന്നിവ ഗാനസമാഹാരങ്ങളാണ്. മരുഭൂമി (കഥാകാവ്യം), നീലക്കണ്ണുകള്‍ (ഖണ്ഡകാവ്യം), താമരപ്പൊയ്ക (പ്രബന്ധങ്ങള്‍), കാള്‍മാര്‍ക്‌സിന്റെ കവിതകള്‍ (തര്‍ജ്ജമ) എന്നിവയാണ് മറ്റു കൃതികള്‍.

അര്‍ഥവും ആഴവുമുള്ള ചലച്ചിത്രഗാന രചനയാണ് ഒ എന്‍ വി യെ ഏറെ ജനകീയനാക്കിയത്. വയലാര്‍, ഒഎന്‍വി, പി ഭാസ്‌കരന്‍ സംഘവും ഒ എന്‍ വി, ദേവരാജന്‍ കൂട്ടുകെട്ടും ‘സ്വപ്ന’ത്തിലൂടെ ഉദയംചെയ്ത ഒഎന്‍വി, സലില്‍ ചൌധരി ബന്ധവും ചിരസ്മരണീയം. 1955–ല്‍ ‘കാലം മാറുന്നു’ എന്ന ചിത്രത്തിലെ ‘ആമലര്‍പ്പൊയ്ക’യുമായി ചലച്ചിത്രരംഗത്തെത്തിയ ഒഎന്‍വി ‘മാണിക്യ വീണയുമായെന്‍’ എന്ന ഗാനത്തോടെ ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു. ‘ശ്യാമസുന്ദര പുഷ്പമേ’, ‘പാടാത്ത വീണയും പാടും’, ‘മഞ്ഞള്‍പ്രസാദവും’, ‘കേവലം മര്‍ത്യ ഭാഷ കേള്‍ക്കാത്ത’, ‘സാഗരങ്ങളെ പാടിയുണര്‍ത്തിയ’, ‘പൊന്‍തിങ്കള്‍ക്കല പൊട്ടു ചാര്‍ത്തിയ’, ‘അറിവിന്‍ നിലാവേ’………. അനശ്വര ഗാനങ്ങള്‍ പത്തും നൂറുമല്ല.
കെപിഎസി നാടകഗാനങ്ങളിലൂടെയാണ് ജനകീയ കവിയുടെ നിലയിലെത്തുന്നത്. ‘മാരിവില്ലിന്‍ തേന്‍മലരേ’, ‘പൊന്നരിവാളമ്പിളിയില്‍’, ‘അമ്പിളി അമ്മാവാ’ തുടങ്ങി നൂറുകണക്കിന് ഗാനങ്ങള്‍. ചങ്ങമ്പുഴയുടെ പേരില്‍ പുരോഗമന സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡലാണ് ആദ്യ അവാര്‍ഡ്. ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്കു ലഭിച്ച പുരസ്‌കാരം പക്ഷേ സംഘടനയുടെ സാമ്പത്തിക പരാധീനതകൊണ്ട് സമ്മാനിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1971, 1975 വര്‍ഷങ്ങളിലെ സാഹിത്യ അക്കാദമി അവാര്‍ഡും ‘അക്ഷര’ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ‘ഉപ്പ്’ കാവ്യസമാഹാരത്തിന് 1981ലെ വയലാര്‍ അവാര്‍ഡ്, ‘കറുത്ത പക്ഷിയുടെ പാട്ടി’ന് പന്തളം കേരള വര്‍മ പുരസ്‌കാരം, ‘ഭൂമിക്കൊരു ചരമഗീത’ത്തിന് വിശ്വദീപ പുരസ്‌കാരം, ‘മൃഗയ’യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ്, 1982–ലെ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ്, 1989ലെ ഉള്ളൂര്‍ സ്മാരക അവാര്‍ഡ്, അതേ വര്‍ഷം ആശാന്‍ പ്രൈസ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനരചനയ്ക്ക് പന്ത്രണ്ടു തവണ സംസ്ഥാന അവാര്‍ഡും ഒരുവട്ടം കേന്ദ്ര അവാര്‍ഡും. തെലുങ്ക് കവി ഗുര്‍–റം–ജോഷിയുടെ സ്മരണക്കായുള്ള ജോഷ്വാ പുരസ്‌കാരവും (1995) ‘ദല’ അവാര്‍ഡും (2004) ‘അരങ്ങ്’ അബുദാബി സാഹിത്യ അവാര്‍ഡും (2004) ലഭിച്ചിട്ടുണ്ട്.

ഒഎന്‍വിയുടെ വിപ്‌ളവഗാനങ്ങള്‍ എന്നും ജനങ്ങളെ പുളകം കൊള്ളിച്ചു. ജനതയുടെ ആശയും ആവേശവും വരികളില്‍ നിറച്ചതായിരുന്നു ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’. ജന്‍മി ചൂഷണത്തില്‍നിന്ന് മുക്തിനേടാന്‍ വെമ്പിയ പാവപ്പെട്ട കര്‍ഷകരുടെ അഭിലാഷമാണ് വരച്ചത്. കൊയ്ത്ത് വയലില്‍ പെണ്ണുങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന രീതിയിലാണ് അവതരണം. ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ സിനിമയില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തുപകര്‍ന്ന ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം ഓര്‍മയില്‍ വരുമ്പോള്‍ ആദ്യം തെളിയുക അതിലെ ഗാനങ്ങള്‍. പ്രത്യേകിച്ച് ‘പൊന്നരിവാളമ്പിളിയില്‍’. ഒഎന്‍വി–ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ശ്രദ്ധേയ വിപ്‌ളവഗാനം. ‘ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍ തോളോട് തോളൊത്തു ചേര്‍ന്ന് വാളുയര്‍ത്താന്‍ തന്നെ പോരുമോ നീ പോരുമോ നീ’ എന്ന വരികളില്‍ നിറയുന്നത് കമ്യൂണിസ്റ്റുകാരന്റെ ധീരതയും നല്ലൊരു നാടിന് വേണ്ടിയുള്ള അഭിവാഞ്ജയും.

മാറ്റുവിന്‍ ചട്ടങ്ങളേ, നീലക്കണ്ണുകള്‍ തുടങ്ങിയ കൃതികളിലെ കവിതകളും കേരളത്തിലെ വിപ്‌ളവത്തെ ജ്വലിപ്പിച്ചവയാണ്. ‘ഇന്ത്യ ചുവക്കുന്നു’ എന്ന ആല്‍ബത്തില്‍ ഒഎന്‍വി എഴുതി പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണമിട്ട് മധു ബാലകൃഷ്ണന്‍ പാടിയ ‘ഇവിടെയിതാരുടെ രക്തം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒഎന്‍വിയുടെ വിപ്‌ളവഗാനങ്ങള്‍ക്കും ഒപ്പമാണ് വയലാറിന്റെ ‘പല്ലനയാറ്റിന്‍ തീരത്ത്’, ‘ബലികുടീരങ്ങളേ’ എന്നീ പാട്ടുകള്‍ക്കും ഇടം.

 

Top