ആരോപണങ്ങള്‍ തള്ളി,തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം – മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,നിയമസഭയില്‍ ‘ഇരിക്കെടാ’ പ്രയോഗവുമായി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ 1 ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തിന് തന്നെ താന്‍ യോഗ്യനായിരിക്കുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എം.ഐ ഷാനവാസ് പറഞ്ഞതു പ്രകാരമാണ് ബിജുവിനെ കണ്ടത്. എറണാകുളത്ത് വെച്ച് സംസാരിച്ചത് രഹസ്യസ്വഭാവമുള്ള കാര്യമാണ്. തനിക്ക് മാന്യതയുള്ളതിനാല്‍ പറഞ്ഞ കാര്യം പുറത്തുപറയുന്നില്ല. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും സത്യമെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം തുടരാന്‍ അര്‍ഹനല്ലെന്ന് ഉമ്മന്‍ ചാണ്ടി. ആരോപണത്തില്‍ കഴമ്പില്ല. ഈ ആരോപണം ഒരു കോടതിയിലോ മാധ്യമങ്ങളോടോ ഇതുവരെ പറഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്നം ഉന്നയിച്ച് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ശ്രമിച്ചയാളാണ് ബിജു. രശ്മി കൊലക്കേസ് നല്ല രീതിയില്‍ അന്വേഷിച്ചതിന്റെ ഫലമാണ് ആരോപണങ്ങളെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ബിജുവിനെ ജയിലില്‍ അടച്ചതില്‍ ഇതുപോലെ വിലകൊടുക്കേണ്ടിവന്നതില്‍ ദുഃഖമില്ല. ബിജുവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു ഇപ്പോള്‍ പറയുന്നില്ല. കൂടിക്കാഴ്ച രഹസ്യസ്വഭാവമുള്ളതാണ്. തന്നെ കണ്ടെന്നു പറയുന്നു ദിവസങ്ങളില്‍ ബിജു കേരളത്തിലില്ല. ഇതിനു തെളിവായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉണ്ട്. ബിജു ബ്ലാക്ക്മെയില്‍ ചെയ്യുകയാണ്. സിഡി ഹാജരാക്കിയില്ലെങ്കില്‍ നിയമപരമായി നേരിടുന്നതിനും ആലോചിക്കും.

 

അതേസമയം, സോളര്‍ കേസില്‍ കക്ഷിചേരുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സിഡി ഹാജരാക്കാന്‍ നിയമപോരാട്ടം നടത്തും. ബിജുവിന്റെ ആരോപണങ്ങള്‍ക്കുപിന്നില്‍ പ്രതിപക്ഷത്തുനിന്നുള്ള ഒരാളാണ്, ഷിബു കൂട്ടിച്ചേര്‍ത്തു.കൂടാതെ, ഉന്നതര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ കുറ്റപ്പെടുത്തി. ഇതു നിയമം മൂലം നിരോധിക്കാന്‍ കഴിയുമോയെന്നു സ്പീക്കര്‍ ചോദിച്ചു. എന്നാല്‍ സര്‍ക്കാരിന് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
നേരത്തെ, മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇ.പി. ജയരാജന്റെ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ഏതെങ്കിലും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോയെന്ന് പ്രമേയത്തില്‍ ജയരാജന്‌ ചോദിച്ചു. ദേശീയ മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. ബിജുവിന്റെ ആരോപണം അസാധാരണ സംഭവം. കോഴ, ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സോളര്‍ കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കാരിനോടുള്ള വിരോധം അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. ആരോപണങ്ങള്‍ സര്‍ക്കാരിന് ഒരു പോറലും ഏല്‍പ്പിക്കില്ല. ഇത് ജുഡീഷ്യല്‍ കമ്മിഷനെ ദുര്‍ബലപ്പെടുത്തും. മൊഴിയുടെ ഒരു ഭാഗം അടര്‍ത്തി അടിയന്തര പ്രമേയം കൊണ്ടുവരുന്നത് ശരിയല്ലെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.solar cm -biju
അതേസമയം, ഇ.പി. ജയരാജന്റെ ‘ഇരിക്കെടാ’ പ്രയോഗം സഭയില്‍ ബഹളത്തിനിടയാക്കി. ഭരണപക്ഷ അംഗങ്ങളെ എടാ എന്നു വിളിച്ചെന്ന് ആരോപണം. ഇത് സഭാ രേഖകളില്‍ നിന്ന് മാറ്റണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ സഭയിലെത്തിയിരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണനോട് സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഈ മാസം 10ന് ഹാജരാക്കണം. സോളര്‍ കമ്മിഷന്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം ബിജുവിനു നല്‍കി. 15 ദിവസം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ല. ഒളിച്ചുകളി പറ്റില്ലെന്നും കമ്മിഷന്‍ ബിജുവിനോടു പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്നതിനു മുന്‍പ് നിയമോപദേശം വേണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രേഖകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. സോളര്‍ കമ്മിഷന്‍ മണ്ടനല്ല. അധികാരങ്ങള്‍ ഉപയോഗിക്കാന്‍ അറിയാം. അങ്ങനെ ചെയ്താല്‍ കേരളം വിറയ്ക്കും. കൂടാതെ, മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളര്‍ കമ്മിഷന്റെ ശാസന. അഭിഭാഷകന്‍ ബിജുവിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചെന്നും കമ്മിഷന്‍ പറഞ്ഞു.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ബിജു രാധാകൃഷ്ണന്റെ ആരോപണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ ഇനി ശ്രദ്ധാകേന്ദ്രം സരിത എസ്. നായര്‍ തന്നെയാണ് . സര്‍ക്കാരിനെ രക്ഷിക്കാനും ശിക്ഷിക്കാനും സരിതക്കാവും . ആരോപണവിധേയനായ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും നേതാക്കളെയും രക്ഷിക്കാന്‍ സരിത ശക്തമായ നിലപാടുമായി രംഗത്തെത്തുമെന്നാണ് സൂചന. സോളാറില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാനും മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളാനും ബിജുവിനെ അക്കാര്യത്തില്‍ വെല്ലുവിളിക്കാനും സരിതയ്ക്കുമേല്‍ ചില ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടങ്ങിയതായും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ സരിത ശക്തമായ നിലപാട് സ്വീകരിച്ചാല്‍ വിവാദം തനിയെ കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് അത്തരമൊരു നീക്കം സരിതയുടെമേല്‍ ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത്. ബിജു രാധാകൃഷ്ണന്റെ മൊഴിയിലുള്ള കാര്യങ്ങള്‍ ഇന്നലെതന്നെ സരിത നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള ദൃശ്യങ്ങളുണ്ടെങ്കില്‍ ബിജു പുറത്തുവിടട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനായാണ് കാണുന്നതെന്നും പറഞ്ഞിരുന്നു. ഏഴാം തീയതി സോളാര്‍ കമ്മിഷനുമുന്നില്‍ സരിത ഹാജരാകുന്നുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നുപറയുമെന്നും സരിത പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ ആറു പ്രമുഖര്‍ സരിതയുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് സോളാര്‍ കേസിലെ മുഖ്യപ്രതി ഇന്നലെ ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയത്. ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇതടങ്ങിയ സി.ഡി കമ്മിഷനില്‍ സമര്‍പ്പിക്കാമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ബിജു മൊഴി നല്‍കിയിരുന്നു. അഞ്ചരക്കോടി രൂപ മൂന്നുതവണയായി മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗികാരോപണം കേരളത്തെ ഞെട്ടിച്ചു. അതിനുപിന്നാലെയാണ് ദൃശ്യങ്ങളുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ അത് പുറത്തുവിടട്ടെ എന്നുപറഞ്ഞ് സരിത വെല്ലുവിളിച്ചത്.

സരിത ഇങ്ങനെ പറഞ്ഞെങ്കിലും സരിതയുടെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരെയുള്ള എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കം തുടങ്ങിയത്. ആരോപണങ്ങളെല്ലാം നിഷേധിപ്പിച്ച് സരിതയുടെ വാക്കുകളിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ടുതന്നെ സരിതയുടെ വാക്കുകള്‍ക്കായി കാക്കുകയാണ് എല്ലാവരും.

അതേസമയം, ഇത്തരമൊരു സി.ഡി ഉണ്ടോയെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. നേരത്തെയും ഇതുപോലെ മറ്റുചിലര്‍ക്കെതിരെ സി.ഡി ഉണ്ടെന്ന് ബിജു പറഞ്ഞിരുന്നു. അത് പിന്നീട് ചീറ്റിപ്പോയി. അതുപോലെ തന്നെയാകും ഇതെന്നാണ് ഭരണകക്ഷിയിലെ ചില നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഒരു പ്രതിയുടെ ജല്‍പനങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജു രാധാകൃഷ്ണന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞിട്ടുണ്ട്.

Top