കര്‍ണാടകയിലെ കുതിരക്കച്ചവടത്തിന് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നു? പിന്നിൽ ബിജെപിയിലെ മൂവർ സംഘം; വാഗ്ദാനം 200 കോടി..എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കെ.സി.വേണുഗോപാൽ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. കള്ളപ്പണമൊഴുക്കി കര്‍ണാടകയിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണ് ബിജെപി. സുപ്രീം കോടതിയെപ്പോലും വിലക്കെടുക്കാന്‍ മോദി അമിത് ഷാ കൂട്ടുകെട്ടിനാവുമെന്നാണോ യഡിയൂരപ്പ ടേപ്പ് തെളിയിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. യെഡിയൂരപ്പയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമോയെന്ന് മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ഓപ്പറേഷന്‍ താമരയ്ക്ക് നേതൃത്വം നല്‍കുന്നത് അമിത് ഷായാണ്. കുതിരക്കച്ചവടത്തിന് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുകയാണോ എന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.

കർണാടകയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയിലെ മൂവർ സംഘം ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 200 കോടി രൂപ ബിജെപി എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നു. ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ എന്നിവർ ഉൾപ്പെട്ട മൂവർ സംഘം കർണാടകയിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സർജേവാലയാണ് വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. കുമാരസ്വാമി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ നിന്നും ഇത് വ്യക്തമാണെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 


അധികാരത്തിന് ബിജെപി എന്തും ചെയ്യാൻ തയാറാണെന്നാണ് കർണാടകയിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ബിജെപിയുടെയും അമിത് ഷായുടെയും പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.സത്യപ്രതിജ്ഞാ ദിവസം മുതൽ കർണാടക സർക്കാരിനെ താഴെയിടാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയുടെ മോഹം നടക്കില്ലെന്നും സർക്കാർ ഒരിക്കലും താഴെ വീഴില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

12 എംഎൽഎമാർക്ക് യെദ്യൂരപ്പ മന്ത്രിപദവും 6 എംഎൽഎമാർക്ക് ചെയർമാൻ പദവിയും വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ആരോപിച്ചു. എംഎൽഎമാർക്ക് പത്ത് കോടി വീതവും സ്പീക്കർക്ക് 50 കോടിയും വാഗ്ദാനം ചെയ്തിരുന്നു. 200 കോടിയോളം രൂപ എറിഞ്ഞ് സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിച്ചതെന്നും വേണുഗോപാൽ പറയുന്നു. രാജി വച്ച് പുറത്ത് വരുന്നവരുടെ തിരഞ്ഞെടുപ്പ് ചെലവുകൾ നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയും ജെഡിഎസ് എംഎൽഎ നാഗനഗൗഡ കാഢ്കറിന്റെ മകനുമായി നടത്തുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കുമാരസ്വാമി പുറത്ത് വിട്ടിരുന്നു. ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്ക് ഇതിലും വലിയ തെളിവ് വേണ്ടെന്നാണ് കുമാരസ്വാമി ആരോപിച്ചത്. 25 കോടി യെദ്യൂരപ്പ ജെഡിഎസ് എംഎൽഎയ്ക്ക് 25 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വിട്ടതെന്നാണ് കുമാരസ്വാമി അവകാശപ്പെട്ടത്. എംഎൽഎമാരെ മാത്രമല്ല സ്പീക്കറെയും ബിജെപി നോട്ടം ഇട്ടിട്ടുണ്ടെന്ന് കുമാരസ്വാമി ആരോപിച്ചു. സ്പീക്കർ രമേശ് കുമാറിന് 50 കോടി രൂപ വാഗ്ദാഗം ചെയ്ത് മറുകണ്ടം ചാടിക്കാൻ ശ്രമം നടത്തിയെന്നാണ് കുമാരസ്വാമി ആരോപിച്ചത്.

ജെഡിഎസ് എംഎൽഎ നാഗനഗൗഡയുടെ മകൻ ശരൺ ഗൗഡയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കുമാരസ്വാമിയുടെ അറിവോടെ യെദ്യൂരപ്പയെ സന്ദർശിച്ചിരുന്നെന്നും സഖ്യ സർക്കാരിലെ 11 എംഎൽഎമാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് ബിജെപി അവകാശപ്പെടുന്നതായും ശരൺ വെളിപ്പെടുത്തി. കുമാരസ്വാമിയുടെ ആരോപണങ്ങളെ നിഷേധിച്ച യെദ്യൂരപ്പ ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. ആരോപണങ്ങൾ തെളിഞ്ഞാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി. സിനിമാപ്രവർത്തകനായിരുന്ന കുമാരസ്വാമിക്ക് വ്യാജ ഓഡിയോ സംഭാഷണം നിർമിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്ടിവില്ല എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന 4 എംഎൽഎമാരെ യെദ്യൂരപ്പയും ബിജെപി നേതാക്കളും ചേർന്ന് തട്ടിയെടുത്തതായി ആരോപിച്ച് ബെംഗളൂരു പോലീസിൽ അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ ആർഎൽഎ മൂർത്തിയാണ് പരാതി നൽകിയിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിൽ നിന്നും വിട്ടു നിന്ന നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഭാ സമ്മേളനത്തിൽ എത്താത്ത നാലു പേരോടും കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കാതിരിക്കാനാണ് സ്പീക്കർക്ക് 50 കോടി വാഗ്ദാനം ചെയ്തതെന്നാണ് കോൺഗ്രസ് പറയുന്നത്. ഇവരിൽ രണ്ട് പേർ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Top