പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും;യു.പി.യില്‍ ബിജെപി-അഭിപ്രായ സര്‍വെ

ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായ സര്‍വെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 മുതല്‍ 62 സീറ്റുകള്‍വരെ നേടി പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യടുഡെ–ആക്സിസ് അഭിപ്രായ സര്‍വെയാണ് പ്രവചിച്ചിരിക്കുന്നത്. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നും രണ്ടു വട്ടം തുടര്‍ച്ചയായി പഞ്ചാബ് ഭരിക്കുന്ന അകാലിദള്‍–ബിജെപി കൂട്ടുകെട്ട് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വെ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് സര്‍വെ നല്‍കുന്നത്. എഎപി 29 ശതമാനം വോട്ട് നേടി 36 മുതല്‍ 41 സീറ്റുകള്‍വരെ നേടും. ഭരണവിരുദ്ധ വികാരത്തില്‍ എന്‍ഡിഎ സഖ്യം 18 മുതല്‍ 22 സീറ്റിലേക്കുവരെ ഒതുക്കപ്പെടാമെന്നും സര്‍വെ പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്പിക്കും പഞ്ചാബ് നിയമസഭയില്‍ സീറ്റ് ലഭിക്കും. ബിഎസ്പി ഒന്നു മുതല്‍ നാലു സീറ്റുവരെ നേടിയേക്കാമെന്നാണ് സര്‍വെ പറയുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായേക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. സര്‍വെയില്‍ 34 ശതമാനം ആളുകളാണ് അമരീന്ദര്‍ മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തിലെത്തുമെന്നും സര്‍വെ പറയുന്നു. സംസ്‌ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളില്‍ 41 മുതല്‍ 46 സീറ്റുവരെ ബിജെപിക്ക് സര്‍വെ നല്‍കുന്നു. കോണ്‍ഗ്രസിന് 18–23 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 2–6 സീറ്റുകളും നേടാനേ സാധിക്കുവെന്ന് അഭിപ്രായ സര്‍വെയില്‍ പറയുന്നു.

Top