ലൈംഗിക പീഡനം: നാല് ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരെ കേസെടുത്തു. നാല് ഓര്‍ത്തഡോക്‌സ് സഭാ വൈദികരാണ് പ്രതികള്‍. നാല് പേര്‍ക്കെതിരെയും ബലാത്സംഗത്തിന് കേസെടുത്തു. അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

വൈദികര്‍ക്കതിരായ ലൈംഗിക ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. പരാതിക്കാര്‍ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണച്ച സഭ നേതൃത്വം അന്വേഷണവും ഊര്‍ജിതമാക്കി. ഓഗസ്റ്റ് ആദ്യ വാരത്തോടെ സഭാ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശം ഇനിയും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

സഭയിലെ നിരണം, തുമ്പമൺ, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ ചൂഷണം ചെയ്തെന്ന് ആനിക്കാട് സ്വദേശിയാണ് ആരോപണം ഉന്നയിച്ചത്. മെയ് മാസം സഭയ്ക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വൈദികരെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെയും സഭ നിയോഗിച്ചു. ഇതോടൊപ്പമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സഭ വ്യക്തമാക്കിയത്.

ആരോപണങ്ങള്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സഭ നേതൃത്വം ഉറപ്പ് നല്‍കുന്നു. അതേ സമയം, ഇതു സംബന്ധിച്ചു യുവതി എവിടെയും പരാതി നല്‍കിയിട്ടില്ല.

Latest
Widgets Magazine