കുമ്പസാര രഹസ്യം ആയുധമാക്കി വൈദീകര്‍ വേട്ടമൃഗങ്ങളെപ്പോലെ ചാടി വീണു

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്യുകയാണ് വൈദികര്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കി. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റും മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ വസ്തുതകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയത്. കോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ വൈദികരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. വിധി പ്രതികൂലമായതിനാല്‍ വൈദികര്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Latest
Widgets Magazine