ശിപായി ലഹള ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമല്ല; ചരിത്രം വീണ്ടും തിരുത്തി കേന്ദ്രം

ഭൂവനേശ്വര്‍: ചരിത്രം തിരുത്തി എഴുതുകയും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ കുത്തിത്തിരുകുകയുമാണ് കഴിഞ്ഞ കുറച്ചു നാളായി ബിജെപി ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായി ഒന്നാം സ്വാതന്ത്ര്യ സമരത്തെ തന്നെ തിരുത്തി എഴുതുകയാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ്. ‘ശിപായി ലഹള’ എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്തതും 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതുമായ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല. മറിച്ച്, 1817ല്‍ ഒഡീഷയില്‍ നടന്ന ‘പൈക ബിദ്രോഹ’ (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ചു.

രാജ്യം മുഴുവന്‍ ‘പൈക ബിദ്രോഹ’യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപ അനുവദിച്ചതായും മന്ത്രി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ‘വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രമാണു പഠിക്കേണ്ടത്. ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ‘പൈക ബിദ്രോഹ’ അറിയപ്പെടും’- ജാവഡേക്കര്‍ വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്‌നായിക് ഈ ആവശ്യം ഉന്നയിച്ചു നേരത്തേ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൈക സമുദായത്തിനു ഗജപതി രാജാക്കന്മാര്‍ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നല്‍കിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ല്‍ ഒഡീഷ കീഴടക്കിയതോടെ കര്‍ഷകര്‍ക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിര്‍ത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ 1817ല്‍ കമ്പനിക്കെതിരായി സായുധലഹള പൊട്ടിപ്പുറപ്പെട്ടു. ആദിവാസികളും ഇവരോടൊപ്പം ചേര്‍ന്നു. തുടക്കത്തില്‍ പൈക സൈന്യത്തിനു മുന്നേറാന്‍ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിനു പൈക സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ ജയിലിലടച്ചു.

Top