തിരുവനന്തപുരത്ത് വിജയം ഉറപ്പ്പ്പിച്ച് ബിജെപി!!!. കളമൊരുങ്ങുന്നത് ചതുഷ്‌കോണ മത്സരം;തരൂരെന്ന് ഉറപ്പിച്ച് കോൺഗ്രസ്;സീറ്റ് വച്ചുമാറാൻ ഇടതു മുന്നണി.

ഡി.പി.തിടനാട്

തിരുവനന്തപുരം: പോരാട്ടം കനപ്പിച്ച് കേരളത്തിൽ ആദ്യ താമര വിരിയിക്കാൻ ബിജെപി കച്ചമുറുക്കുന്ന തിരുവനന്തപുരത്ത് ഇക്കുറി ചതുഷ്‌കോണ മത്സരം അറങ്ങേറുമെന്ന് ഉറപ്പായി. വിജയം ഉറപ്പാണ് എന്നാണ് ബിജെ പി പറയുന്നത് .കഴിഞ്ഞ തവണ വെറും 15,470 വോട്ടിന് കൈവിട്ട മണ്ഡലം ഇക്കുറി ഏതുവിധേയനയും തിരിച്ച് പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ, തരൂരിനെ തന്നെ കളത്തിലിറക്കി മണ്ഡലം ഉറപ്പിച്ച് നിർത്താനാണ് കോൺഗ്രസ് നീക്കം. എന്നാൽ, തുടർച്ചയായ പരാജയങ്ങളിലൂടെയും പേയ്‌മെന്റ് സീറ്റ് വിവാദത്തിലും കുടുങ്ങിയ സിപിഐ ഇക്കുറി മണ്ഡലം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പറയാതെ പറയുന്നു. ഇതിനിടെ ആർഎസ്എസ് നേതാവ് പി.പി മുകുന്ദനും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ഇക്കുറി പോര് കനക്കുമെന്ന് ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 15470 വോട്ടിനാണ് ശശിതരൂർ വിജയിച്ചത്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാലിനെ വിജയിപ്പിച്ച ബിജെപിയ്ക്ക് എട്ട് മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ട് ലഭിച്ചിട്ടുമുണ്ട്. ശബരിമല അടക്കമുള്ള വിഷയങ്ങൾ സജീവമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, എൻഎസ്എസിന്റെ പിൻതുണ കൂടി ലഭിക്കുന്നതോടെ ഇക്കുറി സുഖമായി വിജയിച്ച് കയറാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. സാക്ഷാൽ നരേന്ദ്ര മോദി മുതൽ മോഹൻലാൽ വരെയുള്ളവരുടെ പേരുകൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മുന്നോട്ടു വന്നിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ സാധ്യതയുള്ള പേരുകളിൽ ഒന്ന് ബിജെപി രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖറിന്റേതാണ്. ബിജെപി നേതാവ് സി.കെ പത്മനാഭന്റെയും, കെ.സുരേന്ദ്രന്റെയും, പി.എസ് ശ്രീധരൻപിള്ളയുടെയും പേര് കൃത്യമായി പരിഗണനയിലുണ്ട്. എന്നാൽ, അന്തിമ പ്രഖ്യാപനം കേന്ദ്ര നേതൃത്വം തന്നെ നടത്തുമെന്നാണ് സൂചന.

കോൺഗ്രസ് ഇക്കുറിയും ശശി തരൂരിന്റെ പേരിന് തന്നെയാണ് മുൻതൂക്കം നൽകുന്നത്. ഇടതു മുന്നണിയുടെയും ബിജെപിയുടെയും വോട്ടുകളെ ഒരു പോലെ ആകർഷിക്കാൻ തരൂരിനു സാധിക്കും എന്നത് തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേയ്ക്ക് മറ്റൊരു പേര് ആലോചിക്കാത്തതിന്റെ പ്രധാന കാരണം. നരേന്ദ്രമോദിയ്ക്ക് ശക്തനായ എതിരാളിയായി മാറിയ ശശി തരൂരിന് തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിൻതുണ. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിൽക്കുകയും, സംഘർഷത്തിന് പോകാതിരിക്കുകയും ചെയ്ത കോൺഗ്രസിനൊപ്പം തന്നെയാവും ഹിന്ദു വോട്ടുകൾ എന്നത് ഉറപ്പിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

സി.പി.ഐ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രന്റെ പേരിനാണ് പ്രഥമ പരിഗണന. പൊതുസ്വതന്ത്രനെന്ന സാധ്യത പരിഗണിച്ചാൽ നമ്പിനാരായണന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ, സോഷ്യലിസ്റ്റ് ജനത തിരുവനന്തപുരം സീറ്റിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിപിഐയ്ക്ക് സീറ്റ് വേണ്ടെന്ന നിലപാടും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്തിന് പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നൽകണമെന്ന ആവശ്യമാണ് സിപിഐ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ സീറ്റ് മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ പി.പി മുകുന്ദൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തിയത് ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയിയായിട്ടുണ്ട്. ഇത് ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയേക്കും. ഹിന്ദു വോട്ടുകളിൽ തരൂരും, ബിജെപിയും, പി.പി മുകുന്ദനും വിള്ളൽ വീഴ്ത്തിയാൽ തങ്ങൾക്ക് വിജയിക്കാൻ സാധിക്കുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷ.

Top