പാർലമെന്റ് തിരഞ്ഞെടുപ്പ്: കേരളത്തിൽ ഒരൊറ്റ ബിജെപിക്കാരനും സീറ്റില്ല; ബിഡിജെഎസിന് ആറ് സീറ്റ്; ആലപ്പുഴയിൽ തുഷാർ; കോട്ടയത്ത് പി.സി തോമസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു ബിജെപി നേതാവിനു പോലും സീറ്റ് നൽകേണ്ടെന്ന് ആർഎസ്എസ് തീരുമാനം. ഗ്രൂപ്പ് അതിപ്രസരത്തിൽ തകർന്ന കേരള ബി.ജെ.പിയെ ഗ്രൂപ്പ് മാനേജർമാരെ മുഴുവൻ ഞെട്ടിക്കുന്ന നിർദേശമാണ് സംസ്ഥാന ആർഎസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനു നൽകിയിരിക്കുന്നത്. ഇരുപതിൽ എട്ട് സീറ്റ് ഘടകക്ഷികൾക്കു നൽകാനും, ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും ചേർന്ന് നിശ്ചയിക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് യുദ്ധം അതിഭീകരമായ നിലയിലേയ്ക്ക് എത്തിയതോടെയാണ് ഇവരെ മെരുക്കുന്നതിനായി ബിജെപി പ്രാഥമിക അംഗത്വം പോലുമില്ലാതിരുന്നിട്ടും കുമ്മനം രാജശേഖരനെ ഗവർണറായി രംഗത്തിറക്കിയത്. എന്നാൽ, കുമ്മനം നേതൃ സ്ഥാനത്ത് എത്തിയിട്ടും കേരളത്തിലെ നേതൃത്വത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തുന്നത്. രാജ്യത്ത് മറ്റെല്ലായിടത്തും ബിജെപി വേരോട്ടമുണ്ടാകുമ്പോൾ 25 ശതമാനത്തിലേറെ വോട്ടുള്ള കേരളത്തിൽ വിജയിക്കാനാവാത്തത് പാർട്ടിയിലെ ഗ്രൂപ്പിസം മൂലമാണെന്ന് ആർഎസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേരിട്ട് ഇടപെടുന്നത്.
സംസ്ഥാനത്തെ ഇരുപതിൽ എട്ട് സീറ്റുകൾ ഘടകക്ഷികൾക്ക് നീക്കി വയ്ക്കണമെന്നാണ് ആർഎസ്എസ് നേതൃത്വം ശുപാർശ ചെയ്യുന്നത്. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ചാലക്കുടി, തൃശൂർ സീറ്റുകൾ ബിഡിജെഎസിനു നൽകണമെന്നാണ് ശുപാർശ. ചാലക്കുടിയ്ക്കു പകരം ഇടുക്കി സീറ്റ് നൽകാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് പി.സി തോമസ് വിഭാഗത്തിനും, ചാലക്കുടിയോ തൃശൂരോ നൽകുന്നതിനും ആർഎസ്എസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
ബിജെപി സ്ഥാനാർത്ഥിയായി സ്ഥിരം കടന്നു കൂടുന്ന മുഖങ്ങളെ മുഴുവനും ആർഎസ്എസ് നേതൃത്വം നൽകിയിട്ടുണ്ട്. ഇതിനു പകരം പന്ത്രണ്ട് മണ്ഡലങ്ങളിലും മൂന്നു വീതം പുതുമുഖങ്ങളെയാണ് ആർഎസ്എസ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ ആർഎസ്എസിലും സേവാഭാരതിയിലും വിശ്വഹിന്ദു പരിഷത്തിലും പ്രവർത്തിച്ച് ജനങ്ങൾക്കിടയിൽ ചിരപരിചിതരായ സ്ഥാനാർത്ഥികളെയാണ് ആർഎസ്എസ് മത്സര രംഗത്തിറക്കുന്നത്. ഇത് വഴി കേരളത്തിൽ നിന്നും പത്ത് സീറ്റെങ്കിലുമാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top