പാസ്‌പോര്‍ട്ട് ഇനി പഴയ പാസ്‌പോര്‍ട്ട് അല്ല;പരിഷ്‌കരിച്ച് പുറത്തിറക്കുന്നത് ഇങ്ങനെ;പുതിയ മാറ്റമെന്തെന്നറിയാം

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ടില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ മേല്‍വിലാസവും മാതാപിതാക്കളുടെയും ഭാര്യയുടെയും പേരും ഇനിയുണ്ടാകില്ല. പുതിയ പാസ്‌പോര്‍ട്ടുകളിലാണ് മാറ്റമുണ്ടാവുക. ആദ്യപേജില്‍ വ്യക്തിയുടെ പേര്, ഫോട്ടോ എന്നിവയും അവസാന പുറത്തില്‍ വിലാസം മാതാപിതാക്കള്‍ ഭാര്യ എന്നിവരുടെ പേരും അച്ചടിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ പുതുതായി തയ്യാറാക്കുന്നവയില്‍ അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. അതേസമയം പുതിയ മാറ്റത്തോടെ,വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പിതാവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉല്‍പ്പെടുത്തരുതെന്ന് മാതാവും കുട്ടികളും ആവശ്യപ്പെടുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഒറ്റ രക്ഷിതാവുള്ളവരുടെ പ്രശ്‌നങ്ങള്‍, കുട്ടികളെയും ദത്തെടുക്കുന്ന കുട്ടികളെയും ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ പരിഗണിച്ചാണ് മൂന്നംഗ സമിതി ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസില്‍ പുതിയ പാസ്‌പോര്‍ട്ട് അച്ചടിച്ചുവരികയാണ്. അവ പുറത്തിറങ്ങുന്നതുവരെ നിലവിലുള്ള രീതിയില്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കും. ഇവയ്ക്ക് അതില്‍ പറയുന്ന തിയ്യതി വരെ പ്രാബല്യമുണ്ടാകും. പുതിയവ പ്രകാരം ഇമിഗ്രേഷന്‍ ആവശ്യമുള്ളവയ്ക്ക് ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടകളായിരിക്കും. അല്ലാത്തവയ്ക്ക് നീലനിറത്തിലുമായിരിക്കും.

Top