ഇടത് വലത് മുന്നണികളെ തകര്‍ത്തെറിയാന്‍ കെ സുരേന്ദ്രന്‍; പത്തനംതിട്ടയില്‍ ഇത്തവണത്തെപോര് ഇങ്ങനെ

പത്തനംതിട്ട: പലവിധ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമിട്ടാണ് കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുന്നത്. പത്തനംതിട്ടയിലെ എ ക്ലാസ് സീറ്റിനായി പലരും മത്സര രംഗത്തുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണികള്‍ക്ക് ആദ്യം മുതലേ സുരേന്ദ്രനിലായിരുന്നു താത്പര്യം. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

സുരേന്ദ്രന്റെ വരവ് പത്തനംതിട്ടയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അടിയൊഴുക്കുകള്‍ക്കും കാരണമാകും. ഇടത് വലത് കോട്ടകളില്‍ പരാജയ ഭീതി ഉടലെടുത്തിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പുകളും അവസാനിക്കുമ്പോള്‍ ബി ജെ പി തങ്ങളുടെ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ സാധിക്കുന്നത്. പത്തനംതിട്ടയിലും സ്ഥിതി മറിച്ചല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2009 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ ബി രാധാകൃഷ്ണമേനോന്‍ നേടിയത് 56294 വോട്ട് ആണെങ്കില്‍ 2014 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി എം ടി രമേശ് നേടിയത് 138954 വോട്ട്. എന്നാല്‍ 2016 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പി വോട്ടുകള്‍ കുത്തനെ ഉയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 138954 വോട്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ 191576 ഉയര്‍ത്താന്‍ ബി ജെ പി ക്ക് സാധിച്ചു. ബി ജെ പി ഇതര മുന്നണികള്‍ക്ക് വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ ബി ജെ പി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതും പത്തനതിട്ടയിലെ ബി ജെ പി യുടെ സാധ്യതയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബി ജെ പി ക്ക് വേണ്ടി ഇറങ്ങുന്നതോടെ വലിയ രാഷ്ട്രീയ മാറ്റത്തിനാകും പത്തനംതിട്ട വേദിയാവുക. ശബരിമല യുവതി പ്രവേശന വിഷയം തന്നെയാകും ബി ജെ പി പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയും ആചാര ലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ തന്നെയാകും ബി ജെ പി ലക്ഷ്യം വയ്ക്കുക.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പട്ട് ബി ജെ പി യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഒരു പരിധി വരെ നയിച്ചത് കെ സുരേന്ദ്രന്‍ ആയിരുന്നു. കെട്ട് നിറച്ച് ശബരിമലയില്‍ പോയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും 23 ദിവസം റിമാന്റ് ചെയ്യുകയും ചെയ്തു. ഇത് വിശ്വാസ സമൂഹത്തെ സുരേന്ദ്രന്‍ എന്ന നേതാവിനോടടുപ്പിക്കാന്‍ കാരണമായി അതിന്റെ തെളിവാണ് കെ സുരേന്ദ്രന്‍ ജയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തടിച്ച് കൂടിയ ജനക്കൂട്ടം.

പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും വീണ ജോര്‍ജിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത് വരെ കേരളത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുകയോ ശ്രദ്ധ ചെലുത്തുകയോ ചെയ്തിട്ടില്ല ആരാ സ്ഥാനാര്‍ഥി എന്ന് പോലും ആരും തിരക്കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്നറിയാന്‍ മാധ്യമങ്ങളും ഒപ്പം ജനങ്ങളും ആകാംഷ ഭരിതരായി കാത്ത് നില്‍ക്കുകയായിരുന്നു പ്രത്യേകിച്ച് പത്തനംതിട്ടയില്‍.

അയ്യപ്പ വിശ്വാസികള്‍ക്ക് കെ സുരേന്ദ്രന്‍ അല്ലാതെ പത്തനംതിട്ടയില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് അയഞ്ഞ നിലപാടായിരുന്നു. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി ബി ജെ പി നടത്തിയ അയ്യപ്പ ജ്യോതിക്ക് വന്‍ സ്വീകാര്യത ലഭിച്ചു 25 ലക്ഷത്തിനടുത്ത് വിശ്വാസികള്‍ അതില്‍ പങ്കെടുത്തത് ബി ജെ പി ക്ക് വന്‍ നേട്ടമായി.

ശബരിമല വിഷയവും നരേന്ദ്രമോദിയുടെ വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടി ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പത്തനംതിട്ടയില്‍ നിന്നും കെ സുരേന്ദ്രന്‍ ജയിച്ച് കയറുമെന്ന് ഏതാണ്ട് ഉറപ്പാണ്. കോണ്‍ഗ്രസ്സും സി പി എം ഉം വോട്ട് മറിച്ചില്ലെങ്കില്‍. തോല്‍ക്കാനായി ഏത് മണ്ഡലം തിരഞ്ഞെടുക്കണം, ബി ജെ പി യില്‍ അതിന്റെ പേരില്‍ തര്‍ക്കം എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാകും സുരേന്ദ്രന്റെ പോരാട്ടം.

Top