പത്മാവതിന് സമ്മിശ്ര പ്രതികരണം; രണ്‍വീറിന്‍റെ  മികവുറ്റ പ്രകടനം

ഡല്‍ഹി: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ പത്മാവത് ഡല്‍ഹിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഹിന്ദുസേന തലവനേയും മുബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിന് ശേഷമായിരുന്നു പ്രദര്‍ശനം. രജ്പുത് കര്‍ണിസേനയുടെ ഭാരത് ബന്ദ്, ജനതാ കര്‍ഫ്യൂ, അക്രമങ്ങള്‍ എന്നീ ഭീഷണികള്‍ക്കിടെ ഡല്‍ഹിയിലും വിവിധ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും പത്മാവത് പ്രദര്‍ശിപ്പിച്ചു. തിയേറ്ററുകള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയേയും കൂട്ടാളികളേയും മുന്‍കരുതല്‍ തടങ്കലിലാക്കിയെ ശേഷമായിരുന്നു ഡല്‍ഹിയില്‍ പ്രദര്‍ശനം. തിയേറ്ററുകള്‍ക്ക് കനത്തസുരക്ഷ ഒരുക്കിയിരുന്നു. ഭീഷണികള്‍ക്കിടയിലും സിനിമ കാണാന്‍ നിരവധി പേര്‍ എത്തി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്‍വീറിന്റെ പ്രകടനം മികവുറ്റതാണെന്നാണ് അഭിപ്രായം. അതേസമയം, ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ഒരു തിയേറ്ററില്‍ പോലും സിനിമ പ്രദര്‍ശിപ്പിച്ചില്ല. ഭീഷണിയെ തുടര്‍ന്ന് തിയേറ്റര്‍ ഉടമകളും പിന്‍മാറി. ഈ സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും. മുബൈയില്‍ 30 കര്‍ണിസേനക്കാരെ അറസ്റ്റ് ചെയ്ത ശേഷം സിനിമ പ്രദര്‍ശിപ്പിച്ചു. പൂനൈയിലും സിനിമ കാണാന്‍ നിരവധി പേര്‍ എത്തി. ബുധനാഴ്ച്ച പ്രതിഷേധക്കാര്‍ സ്‌കൂള്‍ ബസിനെതിരെ കല്ലെറിഞ്ഞതിനെ ഭീതിയിലായ ഡല്‍ഹി ഗുഡ്ഗാവിലെ പത്തോളം സ്‌കൂളുകള്‍ ഇന്നും അടച്ചിട്ടു. സംവിധായകന്‍ സഞ്ജയ് ബന്‍സാലി, നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ മുബൈയിലെ വസതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നുണ്ട്.

Top