60 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി പൂട്ടി ഉടമ മുങ്ങി; രാജധാനി ഗോള്‍ഡിനു മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍

നിരവധി ശാഖകളുള്ള രാജധാനി ജ്വല്ലറി കേന്ദ്രീകരിച്ച് വന്‍ നിക്ഷേപ തട്ടിപ്പ് നടന്നതായി ആക്ഷേപം. ഇടപാടുകാര്‍ പൂട്ടിയ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നിരവധി പേര്‍ ജ്വല്ലറിക്കുമുന്നില്‍ തടിച്ചുകൂടിയത്. പെരുമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ രാജധാനി ഗോള്‍ഡിന് മുന്നിലാണ് നിക്ഷേപകര്‍ തടിച്ചുകൂടിയത്. ജ്വല്ലറി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപത്തില്‍ ഇടപാടുകാര്‍ക്ക് പണമോ പണ്ടങ്ങളോ തിരിച്ചുനല്‍കാതെ ഉടമ ജ്വല്ലറി പൂട്ടി മുങ്ങിയെന്നാണ് പരാതി. കഴിഞ്ഞയാഴ്ച ജ്വല്ലറിയിലെത്തിയ നിക്ഷേപകരോട് തിങ്കളാഴ്ച ഇടപാട് തീര്‍ക്കാന്‍ സാവകാശം ചോദിച്ചതിനെ തുടര്‍ന്ന് സ്ത്രീകളടക്കം മുപ്പതോളം പേര്‍ തിങ്കളാഴ്ച ജ്വല്ലറിയിലെത്തിയപ്പോഴാണ് ജ്വല്ലറി പൂട്ടിയിട്ട നിലയില്‍ കണ്ടത്. ഏതാണ്ട് 60 കോടി രൂപയുടെ നിക്ഷേപം നടത്തിയതായാണ് ഇടപാടുകാരില്‍ നിന്നും ലഭിച്ച വിവരം. പെരുമ്പ സ്വദേശിയുടെ അഞ്ച് കോടി രൂപയും ഈ നിക്ഷേപത്തില്‍ ഉള്‍പെടുമെന്നാണ് അറിയുന്നത്. കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയ വിവരമറിഞ്ഞ് നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നു. ജ്വല്ലറിയുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആരും പരാതിയുമായെത്താത്തതിനാല്‍ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണ നിക്ഷേപം സ്വീകരിച്ച മാനേജ്‌മെന്റിന് സാമ്പത്തിക പ്രയാസമനുഭവപ്പെട്ടതിനാല്‍ നിക്ഷേപകരോട് അവധി ചോദിച്ചിരുന്നു. എന്നാല്‍ പയ്യന്നൂരിലെ ജ്വല്ലറിക്ക് പുറമെ തളിപ്പറമ്പ് ദേശീയ പാതയിലെ ജ്വല്ലറിയും മൂന്നുദിവസം മുമ്പ് അറ്റകുറ്റ പണിയുടെ പേരില്‍ ജ്വല്ലറി അടച്ചുപൂട്ടിയിരുന്നു. ഇവരുടെ നിയന്ത്രണത്തിലെ മറ്റ് സ്ഥലങ്ങളിലെ ജ്വല്ലറികളും അടഞ്ഞുകിടന്നതോടെ നിക്ഷേപകര്‍ വെട്ടിലാവുകയായിരുന്നു. 5,000 രൂപ മുതല്‍ 15,000 രൂപ വരെ ചിട്ടിയായും നിക്ഷേപമായും സ്വീകരിച്ച ചെറിയ ഇടപാടുകാരെ വിളിച്ചുവരുത്തി ഉടമ പണം ഏല്‍പിച്ചതായും എന്നാല്‍ കൂടുതല്‍ തുക നല്‍കാനുള്ളവരോട് സമയം ചോദിക്കുകയുമാണ് ചെയ്തത്. അതേസമയം ജ്വല്ലറിയിലെ ജീവനക്കാര്‍ ആരും തന്നെ തിങ്കളാഴ്ച സ്ഥാപനത്തില്‍ എത്താതിരുന്നത് ദുരൂഹതയ്ക്ക് കാരണമായി. ഇവരോട് തിങ്കളാഴ്ച ജോലിക്കെത്തേണ്ടെന്ന് അറിയിച്ചതായാണ് വിവരം. കൊണ്ടോട്ടി, കോഴിക്കോട്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഇവരുടെ ഷോറൂമുകള്‍ പൂട്ടിയതോടെ ഇതിനു പിന്നില്‍ വലിയ തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുകയാണ്. വയനാട് സ്വദേശിയായ ജ്വല്ലറി ഉടമ ഒളിവിലാണെന്നാണ് സംശയിക്കുന്നതായി നിക്ഷേപകര്‍ പറയുന്നു.

Top