ആര്‍ത്തവത്തിന്റെ പേരില്‍ പുറത്ത് ഷെഡില്‍ കഴിയേണ്ടി വന്നു; ഗജ ചുഴലിക്കാറ്റില്‍ മരം വീണ് പന്ത്രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്: ആര്‍ത്തവം അശുദ്ധിയായി കണക്കാക്കുന്നവര്‍ ഇപ്പോഴും നമുക്ക് ചുറ്റമുണ്ട്. ആര്‍ത്തവ ദിവസം വീട്ടിന് പുറത്ത് ഷെഡില്‍ കഴിയേണ്ടി വന്ന പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റില്‍ മരം വീണ് മരിച്ചു. തമിഴ്‌നാട്ടിലെ ആനൈക്കാട് ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഗജ തീരത്തേക്ക് വരുന്നതിനെത്തുടര്‍ന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും അധികൃതരും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ അതും മറി കടന്നാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വിജയയെ വീട്ടുകാര്‍ പുറത്ത് ഓല മേഞ്ഞ കുടിലില്‍ താമസിപ്പിച്ചത്. ചുഴലിക്കാറ്റില്‍ വീടിന് സമീപം നിന്ന തെങ്ങ് കുടിലിന് മുകളിലേക്ക് വീണാണ് മരണം സംഭവിച്ചത്. കുട്ടിക്ക് കൂട്ടിന് കിടന്ന അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടികള്‍ വയസറിയിച്ചാല്‍ വീട്ടില്‍ നിന്നും മാറ്റി പുറത്ത് ഷെഡില്‍ കഴിയേണ്ടി വരുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. പല ആള്‍ക്കാരും ഇത് പിന്തുടരുന്നുണ്ടെന്ന് ഡിഎസ്പി ഗണേശമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്തെ പതിനാറ് ദിവസം വീട്ടില്‍ നിന്നും മാറി ആ ഷെഡിലാണ് വിജയ കഴിഞ്ഞത്.

Latest
Widgets Magazine