നിര്‍ണ്ണായക തെളിവുകള്‍ അവഗണിച്ചു; പാര്‍ട്ടി നല്‍കിയ ഡമ്മി പ്രതികളില്‍ കേസ് അവസാനിപ്പിക്കും; ക്വട്ടേഷന്‍ സംഘവും ഗൂഢാലോചന നടത്തിയ നേതാക്കളും രക്ഷപ്പെടുന്നു

കണ്ണൂര്‍: പെരിയ ഇരട്ട കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സാനിധ്യം തള്ളി പാര്‍ട്ടി നല്‍കിയ ഡമ്മി പ്രതികളില്‍ കേസ് അവസാനിപ്പിക്കുന്നു. ക്വട്ടേഷന്‍ സംഘത്തിലേക്ക് നീങ്ങാനുള്ള എല്ലാ തെളിവുകളും പോലീസിന് ലഭിച്ചിട്ടും ഉന്നത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പോലീസ് അവഗണിച്ചു. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 17നു നടന്ന സംഘാടക സമിതി യോഗത്തില്‍ ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു.

ഇവരുടെ നീക്കങ്ങള്‍ കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നുസിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവര്‍ക്കു കാണിച്ചു കൊടുത്തെന്നും ചിലര്‍ മൊഴി നല്‍കി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള വാഹനം അമിതവേഗത്തില്‍ ചെറുവത്തൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്കു പോകുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊലപാതകം നടന്ന സമയവുമായി താരതമ്യം ചെയ്തപ്പോള്‍ ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് വിലയിരുത്തി. എന്നാല്‍ ഈ വാഹനവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് ഉണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡമ്മി പ്രതികള്‍ക്ക് ഭാവിയില്‍ വിചാരണയില്‍ തെളിവുകളില്ലാതെ മോചിതരാവുകയും ചെയ്യാം. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞ് നടത്തിയ കൊലപാതകമാണ് പെരിയയിലേത് എന്ന സൂചനകളാണ് ഈ അട്ടിമറി നല്‍കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ പീതാംബരനു മാത്രമാണു പങ്കെന്നു സിപിഎം പറയുമ്പോഴും കൊലപാതക വിവരം കൂടുതല്‍ നേതാക്കള്‍ അറിഞ്ഞിരുന്നതായി സൂചന. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയ 7 പ്രതികളെയും പൊലീസിനു മുന്‍പില്‍ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ നേതാവായിരുന്നു. ഡമ്മി പ്രതികളെ സിപിഎം പൊലീസിന് നല്‍കുന്നത് ഈ ശൈലിയിലൂടെയാണ്.

എവിടെ എങ്കിലും പ്രശ്നമുണ്ടായാല്‍ നേതൃത്വം തന്നെ പൊലീസിന് പ്രതികളെ കൈമാറും. ഈ രീതി ഇവിടേയും നടന്നിരിക്കുന്നു. കൃപേഷിനേയും ശരത്തിനേയും കൊലപ്പെടുത്തിയാല്‍ ആരൊക്കെയാവണ പ്രതികള്‍ എന്ന തരത്തിലും സിപിഎം ചര്‍ച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ സിപിഎം നേതാവ് തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൊലപാതകത്തിനു പിന്നില്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം പ്രചരിപ്പിച്ചാണ് പ്രതികളെ പൊലീസിന് കൈമാറിയത്. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ പറയേണ്ട ഉത്തരങ്ങള്‍ അഭിഭാഷകന്റെ സഹായത്തോടെ പഠിക്കാനായി ഒരു ദിവസം മാറ്റിവച്ചു. തുടര്‍ന്നു 19നു രാവിലെ ജില്ലാ നേതാവ് എസ്പി ഓഫിസില്‍ പ്രതികളെ എത്തിച്ചു.

ഏഴാം പ്രതി ഗിജിന്റെ പിതാവും അഞ്ചാം പ്രതി അശ്വിന്റെ മാതാവിന്റെ സഹോദരനുമായ പ്രദേശത്തെ ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാധരന്റെ പറമ്പിലെ പൊട്ടക്കിണറ്റിലാണു പ്രതികള്‍ വാളും ഇരുമ്പു ദണ്ഡുകളും ഉപേക്ഷിച്ചത്. സംഭവദിവസം രാത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണു ഗംഗാധരന്‍ നാട്ടുകാരോടു പറഞ്ഞത്. എന്നാല്‍ കൊലപാതകം നടക്കാന്‍ പോകുന്ന സമയത്തിനു തൊട്ടുമുന്‍പ് അതുവഴി വരാന്‍ ഒരുങ്ങിയ തന്നെ ഗംഗാധരന്‍ ഇടപെട്ടു യാത്ര വൈകിപ്പിച്ചതായി ശരത്ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചിട്ടുണ്ട്. ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണു ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചന വ്യക്തമാണെന്നാണ് സത്യനാരായണന്‍ പറയുന്നത്. ഇതിനൊപ്പം അയ്യപ്പ ഭക്തജന സംഗമവുമായി അടിപിടിയും കൊലപാതകത്തിന് കാരണമായി ശരത്തിന്റെ അച്ഛന്‍ ഉന്നയിക്കുന്നു. എന്നാല്‍ ഇതൊന്നും പൊലീസ് മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. ശാസ്താ ഗംഗാധരനെ തൊടാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനാണ് നീക്കം. പോലീസിന് പിന്നാലെയെത്തിയ ക്രൈംബ്രാഞ്ചും ഈ വഴിയ്ക്കു തന്നെയാണ് നീങ്ങുക.

Top