പെട്രോളിനും ഡീസലിനും രണ്ടര രൂപ വീതം കുറച്ചു; നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. രണ്ട് രൂപ അമ്പത് പൈസ വീതമാണ് കുറച്ചത്. നികുതി ഇനത്തില്‍ ഒരു രൂപ അമ്പത് പൈസ കുറയ്ക്കും. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കും. നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും.സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്. വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top