അമേരിക്കയില്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച് ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി; ‘150 കോടി പ്രതീക്ഷിക്കുന്നു’; ധനമന്ത്രിയുടെ സന്ദര്‍ശനം പിന്നാലെ

പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിനായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗ്ലോബല്‍ സാലറി ചലഞ്ച് എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുന‍സൃഷ്ടിക്കുന്നതിനുളള വിപുലമായ ശ്രമത്തില്‍ പങ്കാളിയാകാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ നിന്നും ധനസമാഹരണം നടത്തും. ധനമന്ത്രി തോമസ് ഐസക്ക് ഇതിനായി അമേരിക്കയില്‍ എത്തുമെന്നും സഹായം അദ്ദേഹത്തെ ഏല്‍പ്പിക്കാനുളള സംവിധാനമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ദേശീയ മാനദണ്ഡപ്രകാരം കിട്ടുന്ന പണം കേരളത്തിന്റെ പുനരുദ്ധാരണത്തിന് മതിയാകില്ല. ധനസമാഹരണത്തിനായി ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം തികച്ചും സുതാര്യമായി വിനിയോഗിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest
Widgets Magazine