തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച്ച ആരംഭിച്ചു; രാജിയിൽ തീരുമാനം ഉടൻ

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെകാര്യത്തിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിനു മുൻപായി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച്ച ആരംഭിച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും ചാണ്ടിയ്‌ക്കൊപ്പം ഉണ്ട്. എന്നാൽ രാജിക്കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ അറിയിച്ചു. ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. മാത്രമല്ല, മുഖ്യമന്ത്രി ചാണ്ടിയെയും തന്നെയും വിളിപ്പിച്ചുവെന്നും കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും പീതാംബരൻ കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതി വാക്കാൽ രൂക്ഷ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിരുന്നു. കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി പരാമർശവും തോമസ് ചാണ്ടിയുടെ രാജിയും ചർച്ചയിൽ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണു പിണറായി വിജയൻ എകെജി സെന്ററിലെത്തിയത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ രാജിക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.

Top