പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണം: ഗൂഢാലോചന നടത്തിയത് സി.പി.എമ്മിലെ നാല് മുതിര്‍ന്ന നേതാക്കളെന്ന് സെക്രട്ടറിക്ക് കത്ത്

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണ വിവാദം പാലക്കാട് ജില്ലയിലെ പാര്‍ട്ടി വിഭാഗീയതയുടെ ഉല്പന്നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഇടപെടലുകള്‍ ശക്തമാകവെ, ജില്ലയിലെ നാല് മുതിര്‍ന്ന നേതാക്കളെ ഗൂഢാലോചനയില്‍ പ്രതിസ്ഥാനത്ത് നിറുത്തി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് കത്ത്.

മുന്‍ എം.എല്‍.എ, കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് നീക്കപ്പെട്ട നേതാവ്, മലമ്പുഴ സീറ്റ് മോഹിക്കുന്ന ജില്ലയിലെ മറ്റൊരുന്നതന്‍ എന്നിവര്‍ക്കൊപ്പം അടുത്ത കാലം വരെ ഡി.വൈ.എഫ്.ഐയില്‍ ഉന്നതസ്ഥാനം വഹിച്ച യുവനേതാവിനെയും ചേര്‍ത്തുകെട്ടിയാണ് ആരോപണം. ഇതോടെ വിവാദം വഴിതിരിച്ചുവിടാനുള്ള നീക്കം ശശി അനുകൂലവിഭാഗം ശക്തിപ്പെടുത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ നടപടികള്‍ അന്തിമമാക്കാതിരിക്കെയാണ് പുതിയ നീക്കങ്ങള്‍. അഴിമതി നിരോധന സംഘടനയുടെ നേതാവും പാര്‍ട്ടി അനുഭാവിയുമെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഞ്ച് പേജ് വരുന്ന കത്ത് പരാതിയായി അയച്ചത്.

ശശിക്കെതിരെ ജില്ലയിലെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങള്‍ നേരത്തേ അറിഞ്ഞെന്ന് പരാതിയില്‍ അവകാശപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ സംയുക്തസമരം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ബന്ധപ്പെട്ട ഏരിയാ സെക്രട്ടറി തന്നോട് വിവരം സൂചിപ്പിച്ചെന്നാണ് പറയുന്നത്. സമരം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാലക്കാട്ടെ പാര്‍ട്ടിയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന സൂചനയാണത്രെ ഏരിയാ സെക്രട്ടറി നല്‍കിയത്.

കത്തയച്ച സ്ഥിതിക്ക് അന്വേഷണ കമ്മിഷന് ഇദ്ദേഹത്തിന്റെ മൊഴിയെടുക്കേണ്ടിവരും. നാലംഗ ഗൂഢാലോചനാസംഘമാണ് പരാതി ഡല്‍ഹിയിലെത്തിച്ചതെന്നും പരാതിക്കാരിയുടെ സ്ഥലത്തെ ഒരു ഡി.വൈ.എഫ്.ഐ നേതാവാണ് നാലംഗസംഘത്തിന് വേണ്ടി എല്ലാം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

ലൈംഗിക പീഡന പരാതി പാലക്കാട്ടെ സി.പി.എമ്മില്‍ ഇടവേളയ്ക്ക് ശേഷം മറ്റൊരു വെട്ടിനിരത്തലിന് കളമൊരുക്കാന്‍ പോകുകയാണെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് പുതിയ നാടകീയ നീക്കങ്ങള്‍. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉള്‍പ്പെട്ട പാര്‍ട്ടി അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ട് നീളുന്നതും ഗൂഢാലോചനാവാദത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണെന്ന പ്രചാരണവും ജില്ലയില്‍ ശക്തമാണ്.

Top