തനിക്കെതിരേ നിരന്തരം ബലാല്‍സംഗ ഭീഷണികള്‍; വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക ചിന്‍മയി ശ്രീപദ

ന്യുഡല്‍ഹി :തനിക്കെതിരെ നിരന്തരം ബാലാല്‍സംഗ ഭീഷണികള്‍ വരുന്നതായി തെന്നിന്ത്യ ഗായിക ചിന്‍മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് ഗായികയ്ക്കു നേരെ നിരവധി ഭീഷണികള്‍ വന്നത്. തനിക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്‍മയി ഓണ്‍ലൈന്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത പരാതിക്കു 98,171 പേരാണ് ഇതിനകം പിന്തുണയേകിയത്. ചില ട്വിറ്റര്‍ യൂസര്‍മാര്‍ തനിക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കുന്നുണ്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും മറ്റു പല തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും ചിന്‍മയി പരാതിയില്‍ കുറിച്ചു.

ഇത്തരം അപകടകാരികളായ യൂസര്‍മാരെ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററിനെ നേരിട്ട് സമീപിക്കുകയാണ് ചിന്‍മയി ആദ്യം ചെയ്തത്. എന്നാല്‍ പോലീസ് കേസ് ഫയല്‍ ചെയ്യാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ മറുപടി. ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകളും ചെയ്യുന്നത് ട്വിറ്റര്‍ വിടുകയെന്നതാണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. ഇതിനെതിരേ പോരാടുക തന്നെ ചെയ്യും. പോലീസില്‍ പരാതി നല്‍കുകയും ചെയ്യുമെന്ന് ചിന്‍മയി വ്യക്തമാക്കി. ചില ആരാധകര്‍ തന്നെ ഈ വിഷമ ഘട്ടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു മൂന്നു പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി ചിന്‍മയി പറഞ്ഞു. ഇത്തരത്തില്‍ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അവര്‍ അതിനെ അതിജീവിക്കാന്‍ എന്തു ചെയ്യുമെന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും ചിന്‍മയി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ ആക്രമണമഴിച്ചുവിടുന്ന ഇത്തരം അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയെന്നത് ട്വിറ്ററിന്റെ ഉത്തരവാദിത്ത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പരാതി ക്യാംപയിന്‍ 1.50 ലക്ഷം പിന്നിട്ടാല്‍ അതു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്ക് അയക്കാനാണ് ചിന്‍മയിയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top