അതിര്‍ത്തികളില്‍ യുദ്ധ സമാനമായ സാഹചര്യം;ശക്തമായ തിരിച്ചടി ഉടന്‍: അമേരിക്കയുടെ പിന്തുണ തേടി ഇന്ത്യാ

ശ്രീനഗര്‍: നാല്‍പ്പത്തിനാല് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം കാശ്മിര്‍ അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്നു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനാ മേധാവികളും ഐ.ബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും പങ്കെടുക്കുന്നുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തും. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘവും സ്‌ഫോടനസ്ഥലത്തെത്തി. ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് പറഞ്ഞു. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ല. ജമ്മുകശ്മീര്‍ ഗവര്‍ണറും സിആര്‍പിഎഫ് ഡിജിയും സ്‌ഫോടനം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിനു പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് 2ജി ആയും പരിമിതപ്പെടുത്തി. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം സ്ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്തനാണ് നീക്കം. എന്‍എസ്ജിയിലെ സ്ഫോടകവസ്തു വിദഗ്ധരും പരിശോധനയ്ക്കെത്തും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്നതാണ് ആക്രണം. അതുകൊണ്ട് തന്നെ അതിശക്തമായ തിരിച്ചടി സൈന്യം നല്‍കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു. ഉത്തരവാദികള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതും നല്‍കി കഴിഞ്ഞു. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി. അമേരിക്ക അടക്കമുള്ളവരെ ഒപ്പം നിര്‍ത്തി തിരിച്ചടിയാണ് ഇന്ത്യയുടെ പദ്ധതി.

Top