മുക്കത്ത് പോലീസ് നടത്തിയ ഭീകരവാഴ്ചയ്ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദി.-വി.എം.സുധീരന്‍.ജനകീയ മുഖം നഷ്ടപ്പെട്ട ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും വെട്ടി നിരത്തി ഗെയിൽ സമരത്തിൽ സുധീരൻ

കൊച്ചി:മുക്കത്ത് പോലീസ് നടത്തിയ ഭീകരവാഴ്ചയ്ക്ക് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദി. സമാധാനപരമായി സമരം നടത്തിവരുന്ന സമരസമിതി ഭാരവാഹികളുമായും ബന്ധപ്പെട്ട ജനപ്രതിനിധികളുമായും ചർച്ച നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ കടുംപിടുത്തമാണ് അതിഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിച്ചത്. ജനാധിപത്യ ഭരണാധികാരിക്ക് യോജിച്ച നിലപാടല്ല ഇത്. ജനങ്ങളെ മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കർശനമായ നടപടി സ്വീകരിക്കണം. അടിയന്തിരമായി സർവ്വകക്ഷിയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കണം എന്നും സുധീരൻ ആവശ്യപ്പെട്ടു .

അതേസമയം ഗെയില്‍ സമരം ഏറ്റെടുത്ത് മലബാറിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നണിയെ ശക്തിപ്പെടുത്താനും സര്‍ക്കാറിനെ പ്രതിരോധിക്കാനും യു.ഡി.എഫ് തീരുമാനിച്ചു. ഇന്നലെ സമരം നടക്കുന്ന കോഴിക്കോട് മുക്കം പ്രദേശം സന്ദര്‍ശിച്ച ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജനങ്ങളുടെ ആശങ്കപരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി പുനസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തഴഞ്ഞ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മലര്‍ത്തിയടിക്കാനാണ് സുധീരന്‍ മുക്കത്തെത്തി സമരപ്രഖ്യാപനം നടത്തിയതെന്ന് വ്യക്തം. ഇത് മനസിലാക്കിയ ചെന്നിത്തല പടയൊരുക്കം യാത്രയ്ക്കിടെ കണ്ണൂരില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് സ്‌കോര്‍ ചെയ്യാനുമായില്ല.geyil samaram

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വയം കെ.പി.സി.സി പദവി ഒഴിഞ്ഞ സുധീരന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സടകുടഞ്ഞ് എണീക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഈ നീക്കത്തെ പ്രതിരോധിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിന് വീഴ്ച വന്നെന്ന് സുധീരന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെ ചെന്നിത്തല യാത്ര നടത്തി പാര്‍്ട്ടിയിലും മുന്നണിയിലും തന്റെ അശ്വമേധം തുടരുമ്പോഴാണ് സുധീരന് ഗെയില്‍ പിടിവള്ളിയായി കിട്ടിയത്. അതോടെ ആരെയും അറിയിക്കാതെ അദ്ദേഹം മുക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ് എം.പി, പി.കെ ബഷീര്‍ എം.എല്‍.എ എന്നിവരും സുധീരനൊപ്പം ഉണ്ടായിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിരോധത്തിലായ യു.ഡി.എഫിന് അനുകൂലമായി ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിപാടികളുടെ ഭാഗമായി മന്ത്രി തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കി വരുന്നതിനിടെയാണ് ഗെയില്‍ സമരം തുറുപ്പ് ചീട്ടായി യു.ഡി.എഫിന് വീണ് കിട്ടിയത്. അതേസമയം ഗെയില്‍ പദ്ധതിക്ക് മുസ്്‌ലിം ലീഗിലെ ഒരു വിഭാഗം അനുകൂലമായത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മുക്കത്ത് ജമാഅത്ത ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്നാണ് സമരം നടത്തുന്നത്. ഇവരുടെ സമരത്തെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ ലീഗില്‍ നിന്ന് അകലുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

അതേസമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഗെയില്‍ പദ്ധതിക്കെതിരെ സി.പി.എം നടത്തിയ സമരത്തിന്റെ ലഘുലേഖകളും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. തങ്ങള്‍ പദ്ധതിക്ക് എതിരല്ലെന്നും ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പറയുന്നു. പദ്ധതിക്കായി ആവശ്യത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നു, മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ല എന്നിവയാണ് സമരക്കാരുടെ പരാതി. നിരവധി സമര പോരാട്ടങ്ങള്‍ നടത്തി പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് രംഗത്ത് വന്നിട്ടുള്ളത്. ഇതിന് ജനങ്ങളുടെ പിന്തുണയും കിട്ടിത്തുടങ്ങി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഗെയില്‍ സമരം ഏറ്റെടുത്ത് മലപ്പുറത്തെ ജനങ്ങളെ വീണ്ടും മുന്നണിയിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് മുന്നണി.

Top