പൊലീസിന് വധശിക്ഷ: എതിര്‍ പ്രചരണവുമായി സേനയിലെ ഒരു വിഭാഗം; സൈബര്‍ പ്രചാരണം വ്യാപകം

കുപ്രസിദ്ധി നേടിയ ഉരുട്ടിക്കൊല കേസില്‍ പൊലീസുകാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെതിരെ സൈബര്‍ പ്രചാരണവുമായി പൊലീസിലെ ഒരു വിഭാഗം രംഗത്ത്. സേനയുടെ ആത്മവീര്യം പറഞ്ഞ് തങ്ങള്‍ നടപ്പിലാക്കുന്ന ക്രൂരതകള്‍ മറയ്ക്കുക എന്ന സ്ഥിരം ശൈലീയാണ് പുറത്തെടുത്തിരിക്കുന്നത്.

തൂക്കുകയര്‍ വീണത് സേനയുടെ ആത്മവീര്യത്തിന്റെ കഴുത്തിലാണെന്നും അക്രമിയെയും മോഷ്ടാവിനെയും ഒരു പൊലീസുകാരനും ഇനി ഒന്നും ചെയ്യില്ലെന്നുമുള്ള സന്ദേശങ്ങളാണ് വാട്‌സാപിലൂടെ പ്രചരിപ്പിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടത് പൊലീസിന്റെ സൗമ്യഭാവമാണെന്നും ഇനിയുള്ള പ്രവര്‍ത്തനം അങ്ങനെയായിരിക്കുമെന്നുള്ള പരിഹാസ സന്ദേശങ്ങളും ഇതിനൊപ്പമുണ്ട്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അച്ചടക്ക നടപടി വൈകിപ്പിക്കുന്നന്നതിനിടെയാണ് പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്റ്റാഫ് അംഗങ്ങള്‍ പോലും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം സമൂഹത്തെ കൊള്ളയടിക്കുകയും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി എതിര്‍പക്ഷത്തുള്ളവരെ തല്ലുകയും ചെയ്യുന്ന ഒരു വിഭാഗം സേനയില്‍ ഇല്ലേയെന്ന എതിര്‍വാദങ്ങള്‍ ചില പൊലീസുകാര്‍ ഉയര്‍ത്തുന്നുണ്ട്.

കൊലക്കയര്‍ കണ്ട് നീതിബോധം തുളുമ്പി സര്‍ക്കാര്‍, ജഡ്ജി, കോടതി, ആര്‍.ഡി.ഒ, എന്നീ പുണ്യാത്മാക്കള്‍ക്ക് ശതകോടി പ്രണാമം അര്‍പ്പിക്കുന്നവരോട്,
പൊലീസുകാരുടെ വീട്ടില്‍ക്കയറി അവരുടെ ജീവനും സ്വത്തിനും ആപത്തോ നഷ്ടമോ വരുത്തുന്നതിനല്ല പൊലീസുകാരന്‍ ആരെയും പിടിക്കുന്നതും ചിലപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും, അതിനിടയില്‍ പിടിക്കപ്പെടുന്നവര്‍ക്കു മരണം സംഭവിക്കുന്നതും. നിങ്ങള്‍ക്ക് വേണ്ടത് പൊലീസിന്റെ സൗമ്യഭാവം മാത്രമാണ്. നിങ്ങള്‍ക്ക് ഭയം കോടതിയും ജഡ്ജിയും വിധിയുമല്ല, പൊലീസുകാരുടെ ദണ്ഡന നീതി മാത്രമാണ്. അത് ഈ കോടതിവിധിയോടെ ഉറപ്പായിരിക്കുന്നു.

പൊലീസുകാരുടെ വീഴ്ചയ്ക്ക് ഇരയായി കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ മറ്റ് സേവനദാതാക്കളുടെ അനാസ്ഥകൊണ്ട് മരിക്കുന്നുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കൊല്ലപ്പെടുന്ന രോഗികളുണ്ട്. കാരണക്കാരായ ഡോക്ടര്‍മാരെ ആര്‍ക്കും തൂക്കിക്കൊല്ലണ്ട. യഥാസമയം അറ്റകുറ്റപണികള്‍ ചെയ്യാത്തതിനാല്‍ പൊട്ടിവീഴുന്ന വൈദ്യുതി കമ്പിയില്‍ തട്ടി കൊല്ലപ്പെടുന്നവരുണ്ട്. ഇലക്ട്രിസിറ്റി ജീവനക്കാരെ ആര്‍ക്കും തൂക്കിക്കൊല്ലണ്ട.

റോഡിലെ കുഴികള്‍ യഥാസമയം അടയ്ക്കാതെ അപകടമുണ്ടാക്കി ആളെ കൊല്ലുന്ന പി.ഡബ്ല്യൂ.ഡി ജീവനക്കാരെ ആര്‍ക്കും തൂക്കിക്കൊല്ലണ്ട. ഇവരെയൊക്കെ തൂക്കി കൊന്നിട്ട് പോരെ പോലീസുകാരെ തൂക്കികൊല്ലാന്‍ ധര്‍മ്മ ബോധവും നീതിബോധവും വല്ലാതെ തിളച്ചുമറിയുന്നവരില്‍ തെറ്റ് ചെയ്യാത്തവര്‍ പൊലീസിനെ കല്ലെറിയട്ടെ, ക്രൂശിക്കട്ടെ.

Latest