പീഡനക്കേസുകളിലെ സാമ്പിള്‍ പരിശോധനയ്ക്ക്‌ ഇനി പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കിറ്റുകള്‍

രാജ്യത്ത് പീഡനം പെരുകുന്ന സാഹചര്യത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലൈംഗിക പീഡനക്കേസുകളിലെ സാമ്പിള്‍ പരിശോധനയ്ക്ക്‌ പ്രത്യേക കിറ്റുകള്‍ നല്‍കും. രക്തവും ശരീര സ്രവവും വളരെ വേഗം എളുപ്പത്തില്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ കിറ്റ് ഉപകരിക്കുക. ലൈംഗിക പീഡന തെളിവെടുപ്പ് കിറ്റ് എന്നാണ് ഇവ അറിയപ്പെടുക. ടെസ്റ്റ് ട്യൂബുകള്‍, ബോട്ടിലുകള്‍ അടക്കമുള്ള വസ്തുക്കളാണ് കിറ്റിലുള്ളത്. ഇവ എങ്ങനെ ഉപയോഗിക്കാം എന്ന കുറിപ്പും ഇതിനോടൊപ്പം ഉണ്ട്. ഇതുപയോഗിച്ച്‌ ശേഖരിക്കുന്ന സാമ്പിളുകള്‍ അടുത്ത ലാബിലേയ്ക്ക് അയക്കും. രണ്ട് മാസത്തിനുള്ളില്‍ അതിന്റെ ഫലം അറിയാന്‍ സാധിക്കും. ഓരോ പൊലീസ് സ്റ്റേഷനിലും മൂന്ന് കിറ്റുകള്‍ വീതം നല്‍കാനാണ് തീരുമാനം.മെഡിക്കല്‍ തെളിവെടുപ്പ് വളരെ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 3,960 എണ്ണമാണ് വിതരണം ചെയ്യുന്നത്. 100 കിറ്റുകള്‍ വെച്ച്‌ ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്‌ അറിയിച്ചു. 79.20 ലക്ഷം രൂപയാണ് ആദ്യ ഘട്ട കിറ്റുകള്‍ക്കായി ചെലവായത്. 4.91 കോടി രൂപയാണ് ഇവയുടെ പരിശീലന പരിപാടിയ്ക്ക് നീക്കി വച്ചിരിക്കുന്നത്. എല്ലാ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥരെ ഇവയുടെ ഉപയോഗം പഠിപ്പിക്കും.29 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 15,640 സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്.

Latest
Widgets Magazine