പൊലീസ് സ്റ്റേഷനുകളില്‍ ഒരേ നിറത്തിലുള്ള പെയിന്റ് എന്തിനാണെന്ന് വിജിലന്‍സ് കോടതി; വിശദീകരണം നല്‍കണമെന്ന് ഉത്തരവ്

പൊലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറത്തിലുള്ള പെയിന്റടിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് വിജിലന്‍സ് കോടതി. പ്രത്യേക കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാനുള്ള തീരുമാനം മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെതായിരുന്നു. പൊലീസ് സ്റ്റേഷന്‍ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്നും അങ്ങനെയെങ്കില്‍ റേഷന്‍ കടകള്‍ക്കല്ലേ ഒരേ പെയിന്റ് അടിക്കേണ്ടതെന്നും കോടതി ചോദിച്ചു.

വിജിലന്‍സ് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരായ ഹരജി ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ 20ന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. പൊലീസ് സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവ് താന്‍ പുറത്തിറക്കിയിട്ടില്ലെന്ന് മുന്‍ പൊലീസ് മേധാവിയും നിലവില്‍ വിജിലന്‍സ് ഡിജിപിയുമായ ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് മേധാവിയായി ചുമതലയെടുത്ത സെന്‍കുമാര്‍ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ബെഹ്‌റയുടെ വിശദീകരണം.

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണ്. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദേശിച്ചതെന്നും ബെഹ്‌റ വ്യക്തമാക്കി. ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ഉത്തരവ്. ബെഹ്‌റയുടെ കാലത്തിറങ്ങിയ ഉത്തരവാണെന്ന് കാണിച്ചാണ് സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ച വിശദീകരണ കത്തില്‍ 2015ല്‍ ടിപി സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചതെന്ന് ബെഹ്‌റ വിശദമാക്കുന്നു.

കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെയുളള പദ്ധതിക്ക് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. നിറമായി ഒലീവ് ബ്രൗണ്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി പേരൂര്‍ക്കട സ്റ്റേഷനെയാണ് തെരഞ്ഞെടുത്തിരുന്നതെന്നും ബെഹ്‌റ കത്തില്‍ പറഞ്ഞിരുന്നു.

Top