സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാകുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗശേഷം യെച്ചൂരി പറഞ്ഞു .അതത് കാലത്തെ മൂര്‍ത്തസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ടി രാഷ്ട്രീയഅടവുനയം രൂപീകരിക്കുകയെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. 2015ല്‍ പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോള്‍ നിലനിന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക. എല്ലാകാലത്തും പാര്‍ടി സ്വീകരിച്ചുവന്നത് ഇതേ ശൈലി തന്നെയാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസ് 2018 ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ ചേരാന്‍ കേന്ദ്രകമ്മിറ്റിയോട് ശുപാര്‍ശചെയ്യാന്‍ പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ പരിഗണിക്കേണ്ട രേഖകളും അജന്‍ഡയും തയ്യാറാക്കാന്‍ തുടങ്ങിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.നിലവിലെ രാഷ്ട്രീയ സഹാചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചനയാണ് സിപിഐഎം ജനറല്‍ സെക്രട്ടറി നല്‍കിയത്. യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യത്തെ കണ്ടാണ് സിപിഐഎം പാര്‍ട്ടി അടവുനയം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പിബി രണ്ടു ദിവസത്തേക്ക് യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും സീതാറാം യെച്ചൂരിയാണ്. ഇതില്‍ ചര്‍ച്ച നടക്കുകയാണ്.

രണ്ടുമാറ്റങ്ങളാണ് അടവുനയത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധവും, പ്രാദേശിക പാര്‍ട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളുമാകും. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കണമെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ദേശീയ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ മാറിയിരിക്കുകയാണ്.രാജ്യത്ത് ബിജെപിയുടെ വളര്‍ച്ച ശക്തമാകുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ഒറ്റക്കെട്ടായി തടയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അടവുനയത്തില്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റമുണ്ടാകണമെന്നാണ് പശ്ചിമബംഗാള്‍ ഘടകം വാദിക്കുന്നത്. ജനറല്‍ സെക്രട്ടറി യെച്ചൂരി അടക്കമുള്ള ഒരു വിഭാഗവും ഈ നിലപാടിനെ പിന്തുണയ്ക്കുന്നു

Latest
Widgets Magazine