പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി സ്ത്രീയെ ചവിട്ടി വീഴ്ത്തി; അവതാരകന് കിട്ടിയത് എട്ടിന്റെ പണി

ബാഴ്‌സലോണ: പ്രാങ്ക് വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും സ്ഥിരം കാഴ്ചയാണ്. മറ്റുള്ളവരെ കളിപ്പിക്കാന്‍ വേണ്ടി ഏതു തരത്തിലും വീഡിയോ എടുക്കാനും ചിലര്‍ മുതിരും. എന്നാല്‍ ഇതുപോലെ കളിപ്പിക്കാനായി ഇറങ്ങിയ ഒരു അവതാരകന് കിട്ടിയത് എട്ടിന്റെ പണിയാണ്. സോഷ്യല്‍ മീഡിയ കീഴടക്കാനായി വീഡിയോ നിര്‍മ്മിക്കാന്‍ ഒരു സ്ത്രീയെ ചവിട്ടി വീഴ്ത്തി. എന്നാല്‍ ഇതിന് നഷ്ടപരിഹാരമായി സ്ത്രീ ചോദിച്ചത് കേട്ട് അവതാരകന്റെ കണ്ണു തള്ളിപ്പോയി. 60,000 യൂറോ( ഏകദേശം 50 ലക്ഷം രൂപ) ആണ് സ്ത്രീ ആവശ്യപ്പെട്ടത്. ഈ തുക എത്രയും വേഗം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. മരിയോ ഗാര്‍ഷ്യ എന്ന യുവാവാണ് താഴെ വീണ 48കാരിയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് മരിയോ ഗാര്‍ഷ്യ അവരുടെ പിന്നില്‍ എത്തി. പിന്നീട് അവതാരകന്‍ ‘കുങ്ഫു കിക്കി’ലൂടെ സ്ത്രീയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് യുവതി വീഴുകയും നടുവിനും കാലിനും കടുത്ത വേദനയുണ്ടാവുകയും ചെയ്തു. ഇത് കണ്ട ഉടന്‍ വീഡിയോ എടുത്തവരും കണ്ടുനിന്നവരും ഉറക്കെ ചിരിച്ചപ്പോള്‍ സ്ത്രീ എഴുന്നേറ്റ് ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. 2015ലാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെ അവസാനിച്ചില്ല. സ്ത്രീ പിന്നീട് പൊലീസില്‍ പരാതി നല്‍കി. ‘പാവപ്പെട്ട ആളുകളെ ആക്രമിക്കുന്ന ഈ വീഡിയോയില്‍ കാണുന്നയാളെ പിടികൂടാന്‍ സഹായിക്കുക’ എന്ന കുറിപ്പോടെ കാറ്റലന്‍ പൊലീസ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. വീഡിയോ വൈറലായതോടെ കുറ്റാരോപിതനായ ഗാര്‍ഷ്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നഷ്ടപരിഹാരമായി 45,000 യൂറോ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നഷ്ടപരിഹാരമായി സ്ത്രീക്ക് ഇയാള്‍ 60,000 യൂറോ നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. വീഴ്ചയിലേറ്റ പരുക്ക് കാരണം 75 ദിവസങ്ങളാണ് സ്ത്രീയ്ക്ക് അവധിയെടുക്കേണ്ടിവന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

Latest
Widgets Magazine