പ്രേമം പരിധിവിടുന്നു…. അധ്യാപകരോട് പ്രണയാഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥികള്‍; എംഇഎസ് കോളെജിലെ അധ്യാപകയോട് പ്രേമവുമായി വിദ്യാര്‍ത്ഥി

കോഴിക്കോട്: പ്രേമം സിനിമയിലെ നായകരെ അനുകരിച്ച് കേരളത്തിലെ കലാലയങ്ങള്‍ മുഴുവന്‍ ഓണമാഘോഷിക്കുന്നതിനിടെ
ഒര്‍ജിനല്‍ പ്രേമവുമായി വിദ്യാര്‍ത്ഥിയെത്തിയെന്ന വെളിപ്പെടുത്തലുമായി അധ്യാപിക. വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണ് പ്രേമം. കോടികള്‍ വാരിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇപ്പോള്‍ ക്യാംപസുകളില്‍ ഇംപാക്ടായി തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.അതേ സമയം നിരവധി അധ്യാപകര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഇത്തരം അനുഭവങ്ങളുണ്ടായതായി അധ്യാപകര്‍ തുറന്ന് പറയുന്നു. കുട്ടികളുടെ ഭാവിയെ കുറിച്ചോര്‍ത്തു പ്രായത്തിന്റെ പക്വതയില്ലായ്മയായി തള്ളികളയുകയാണ് പലരും

എം.ഇ.എസിന് കീഴിലെ ഒരു കോളേജ് അദ്ധ്യാപികക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം വെളിപ്പെടുത്തിയതാകട്ടെ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും.തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ദാരുണമരണവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ഫസല്‍ ഗഫൂര്‍ തങ്ങളുടെ സ്ഥാപനത്തിലെ ദുരനുഭവം തുറന്ന് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ധ്യാപികയുടെ മൊബൈല്‍ വാട്‌സ് ആപ്പില്‍ ‘എന്റെ മലരെ’ എന്ന് പറഞ്ഞുകൊണ്ട് ഒരു വിദ്യാര്‍ത്ഥി നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവത്രെ. കുട്ടികള്‍ ഇങ്ങനെ ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്താണ് ചെയ്യുക എന്നായിരുന്നു എം.ഇ.എസ് പ്രസിഡന്റിന്റെ ചോദ്യം.കാമ്പസുകള്‍ ഇപ്പോള്‍ അരാജകത്വത്തിലേക്ക് പോവുകയാണ്. ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ സ്ഥാപനത്തിന് 18 പെണ്‍കുട്ടികളെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യമുണ്ടായത് അവര്‍ അശ്ലീല വെബ്‌സൈറ്റുകളുടെ പേരുകള്‍ ചുവരില്‍ എഴുതിയതുമായി ബന്ധപ്പെട്ടും മറ്റുമായിരുന്നുവെന്നും ഫസല്‍ ഗഫൂര്‍ തുറന്ന്പറഞ്ഞു.കേരളത്തിലെ സാമൂഹിക – സാംസ്‌കാരിക മേഖലക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രവണത പുതുതലമുറയില്‍ നിന്ന് മുളയിലേ നുള്ളിക്കളയാന്‍ രക്ഷിതാക്കളാണ് ഇടപെടേണ്ടത്.

മക്കളുടെ ഇഷ്ടത്തിനനുസരിച്ച് പലതും രക്ഷിതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇങ്ങനെ പോയാല്‍ തോക്ക് ക്ലാസ്മുറികളില്‍ കോണ്ടുവരുന്ന ബീഹാറിലെ സംസ്‌കാരം താമസിക്കാതെ കേരളത്തിലും വരുമെന്നും ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

നിവിന്‍പോളി നായകനായ പ്രേമം സിനിമയില്‍ മലര്‍ എന്ന അദ്ധ്യാപികയുടെ കഥാപാത്രത്തെ വിദ്യാര്‍ത്ഥി പ്രണയിക്കുന്നതായ ദൃശ്യങ്ങളാണ് എം.ഇ.എസ് കോളേജില്‍ യാഥാര്‍ത്ഥ്യമായത്.ഈ സിനിമയിലെ നായക കഥാപാത്രത്തിന്റെ വില്ലത്തരങ്ങള്‍ ‘ചെകുത്താന്‍’ പകിട്ടോടെ കാമ്പസില്‍ അവതരിപ്പിച്ചപ്പോഴാണ് സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി തസ്‌നി ബഷീറിന്റെ ജീവന്‍ നഷ്ടമായിരുന്നത്.

അദ്ധ്യാപികയെ പ്രണയിക്കാനും മദ്യപിക്കാനും, മയക്കുമരുന്ന് ഉപയോഗിക്കാനുമെല്ലാം പ്രേരണ നല്‍കുന്ന പ്രേമം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന സംവിധായകന്‍ കമലിന്റെയും ഡി.ജി.പി ടി.പി സെന്‍കുമാറിന്റെയും നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ കാമ്പസുകളില്‍ ഓണാഘോഷത്തിന്റെ മറവില്‍ നടക്കുന്ന പ്രകടനങ്ങള്‍.

Top